അങ്കമാലി: പത്തനംതിട്ട റാന്നി ഡിവിഷനിലെ ഈറ്റ സംഭരണ പ്രശ്നത്തിന് പരിഹാരമായി. വർക്കിംഗ് പ്ലാനിന്റെ കാലാവധി അവസാനിച്ചത് മൂലം ബാംബൂ കോർപ്പറേഷന് ഈറ്റ വെട്ടുന്നതിന് 2024 ഏപ്രിൽ മാസം മുതൽ തടസം നേരിട്ടിരുന്നു. ഇതുമൂലം തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈറ്റ വിതരണം നടത്താൻ ബാംബൂ കോർപ്പറേഷന് കഴിഞ്ഞിരുന്നില്ല. ബാംബൂ കോർപ്പറേഷന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും ഇടപെടൽ മൂലം വർക്കിംഗ് പ്ലാനിന്റെ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി ലഭ്യമായിട്ടുണ്ട്. ഇതോടെ ഈ മേഖലകളിലെ പനമ്പ് നെയ്ത്തുകാരുടെയും മറ്റ് കൈത്തൊഴിലുകാരുടെയും ഈറ്റ ക്ഷാമത്തിന് പരിഹാരമാകും. എന്നാൽ മാങ്കുളം, മൂന്നാർ ഡിവിഷനുകളുടെ വർക്കിംഗ് പ്ലാനിന്റെ കാലാവധി അവസാനിച്ചിട്ട് അഞ്ചുവർഷം ആകുന്നു. മാങ്കുളം ഡിവിഷന്റെ വർക്കിംഗ് പ്ലാൻ അധികം വൈകാതെ തന്നെ അംഗീകരിച്ച് ലഭ്യമാകുന്നതോടെ അങ്കമാലി,ചാലക്കുടി മേഖലയിലെ ഈറ്റ പ്രശ്നത്തിന് കൂടി പരിഹാരമാകും. ഇടമലയാർ ,ചാലക്കുടി മേഖലകളിൽ ഈറ്റവെട്ട് ആരംഭിച്ചു കഴിഞ്ഞു. പനമ്പ് നെയ്ത്തുകാർക്കും ഈറ്റ വെട്ടുകാർക്കും കൂലിക്ക് പുറമേ അതത് മാസം തന്നെ ഡി.എ കൂടി ലഭ്യമാകും എന്നതിനാൽ കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നു വരുമെന്ന് കോർപറേഷൻ ചെയർമാൻ ടി.കെ മോഹനൻ പറഞ്ഞു.