
ചോറ്റാനിക്കര: വൃശ്ചികമെത്താറായി. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ എത്തിച്ചേരാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. യാത്രക്കാരുടെ നടുവൊടിക്കും കുഴികളുമായി പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിൽ തുടരുകയാണ് തിരുവാങ്കുളം-ചോറ്റാനിക്കര-മുളന്തുരുത്തി പൊതുമരാമത്ത് റോഡ്. റോഡിൽ പലയിടത്തും ടാറിംഗ് പാളികളായി പൊളിഞ്ഞ് വലുതും ചെറുതുമായ ഒട്ടേറെ കുഴികളാണ്. അപകടങ്ങൾ തുടർക്കഥ. വാഹനാപകടത്തിൽ ഒരു ചെറുപ്പക്കാരൻ മരിച്ചിട്ടും താത്‌കാലികമായി പോലും കുഴികളടയ്ക്കാൻ പൊതുമരാമത്ത് തയ്യാറായില്ല. വഴിവിളക്ക് പോലും ഇല്ലാത്ത പൊതുമരാമത്ത് റോഡിൽ രാത്രിയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. സന്നദ്ധപ്രവർത്തകരായ നാട്ടുകാരിൽ പലരും കുഴികളിൽ മണ്ണിട്ട് മൂടുന്നത് കൊണ്ടാണ് പലപ്പോഴും അപകടങ്ങൾ ഒഴിവായി പോകുന്നത്. റെയിൽവേ മേൽപ്പാലത്തിന് സമാന്തരമുള്ള സർവീസ് റോഡ് കുളത്തിന് സമാനമാണ്. വാഹനങ്ങളുടെ അടിതട്ടി തകരാറിൽ ആവുന്നതും പതിവാണ്. കോട്ടയത്ത് നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്നവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്ക് വരുന്ന തീർത്ഥാടകരും അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന പ്രധാന റോഡായിട്ടും അറ്റകുറ്റപ്പണി പോലും നടത്താൻ പൊതുമരാമത്ത് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
തകർന്ന് തരിപ്പണമായ റോഡുകൾ
എരുവേലി
ചോറ്റാനിക്കര
കോട്ടയത്ത് പാറ
ചെങ്ങോല പാടം റെയിൽവേ മേൽപ്പാലത്തിന് സമീപം
പാഴ് വാഗ്ദാനങ്ങളുടെ ഘോഷയാത്ര
ശബരിമല പാക്കേജിൽ പെടുത്തി ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത് റോഡ് നന്നാക്കുമെന്ന് എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും വാഗ്ദാനം പാഴായി.
പൊതുമരാമത്ത് വകുപ്പ് ശബരി പദ്ധതിയിൽ പെടുത്തി റോഡ് നന്നാക്കുന്നതിന് പണം അനുവദിച്ചില്ല.
പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ ആരും ഏറ്റെടുത്തില്ല.
തുക കൂട്ടി റീട്ടെൻഡർ നടത്തിയെങ്കിലും ഒക്ടോബർ 30 വരെ കാത്തിരിക്കണം.
മുളന്തുരുത്തി ചെങ്ങോല പാടം മേൽപ്പാലം നിർമ്മാണം ജൂണിൽ പൂർത്തീകരിക്കുമെന്ന ഉറപ്പും പാഴ്‌വാക്കായി.
റോഡ് തകർന്നു കിടക്കുന്നതിനാൽ മണ്ഡലകാലം എത്തിയാൽ ഗതാഗത കുരുക്ക് രൂക്ഷമാകും. ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് പൊതുമരാമത്ത് റോഡ് ടാർ ചെയ്യണം
ഒ.കെ. രാജേന്ദ്രൻ
സെക്രട്ടറി
എഡ്രാക് ചോറ്റാനിക്കര മേഖല