a

നീതിദേവതയുടെ ചിത്രം ഇതുവരെ കണ്ടിട്ടുള്ളതെല്ലാം ഒരു ഗ്രീക്ക് ദേവതയുടെ രൂപത്തിലാണ്. അത് കണ്ണുകെട്ടി, ഒരു കൈയിൽ പിടിച്ച ഖഡ്ഗവും മറുകൈയിൽ തുലാസുമായാണ്. നീതിദേവതയുടെ കണ്ണുകളുടെ കെട്ടഴിക്കണമെന്നും, നീതി നടപ്പാക്കുമ്പോൾ കണ്ണുതുറന്ന് കാണണമെന്നുമുള്ള കാഴ്ചപ്പാട് പലപ്പോഴായി ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജസ് ലൈബ്രറിയിലുള്ള നീതിദേവതാ പ്രതിമയുടെ കണ്ണിലെ കെട്ടഴിച്ചതായിട്ടും കൈയിലെ വാൾ മാറ്റിയശേഷം അവിടെ ഭരണഘടനയുടെ രൂപം വച്ചതായുമാണ് പുതിയ വാർത്ത.

എനിക്ക് വ്യക്തിപരമായി അങ്ങനെയൊരു അഭിപ്രായമില്ല. കാരണം ഇതിന്റെ കാഴ്ചപ്പാടു തന്നെ വേറെയാണ്. കണ്ണുകെട്ടിയ നീതിദേവതയുടെ അർത്ഥം യഥാർത്ഥത്തിൽ മുഖംനോക്കാതെ നീതി നടപ്പാക്കുകയെന്നാണ്; അല്ലാതെ കാണാതെ നീതിനടപ്പാക്കുന്നു എന്നല്ല. ഹൈക്കോടതിയിലടക്കം ജഡ്ജിമാരുടെ ഇരിപ്പിടത്തിനു പിന്നിലായി 'Fiat Justitia Ruat Caelum" എന്ന് എഴുതിവച്ചിട്ടുണ്ട്. 'സ്വർഗം താഴെവീണാലും നീതി നടപ്പാകണം" എന്നാണ് ഇതിനർത്ഥം. സമൂഹത്തിലെ ഉന്നതനായാലും താഴേത്തട്ടിലുള്ളവനായാലും അത് കണ്ണിൽ പതിയരുത്. അതുപോലെ ജാതി, മതം, ഭാഷ, വ‌ർഗം, രാഷ്ട്രീയം, സ്വാധീനശക്തി എന്നിവയൊന്നും പരിഗണിക്കപ്പെടാതെ തുല്യനീതി നടപ്പാകണം. അതിന് ഉത്തരവിടേണ്ട ജഡ്ജിമാരുടെ കണ്ണ് ഒരിക്കലും കെട്ടുന്നില്ല. ഈ തത്വം മനസിലുള്ളപ്പോൾ ജഡ്ജിമാർ കാണേണ്ടത് മുഖങ്ങളല്ല, മുഖം നോക്കാതെയുള്ള നടപടിയാണ്.

നീതിദേവതയുടെ തുലാസിന്റെ രണ്ടുതട്ടുകൾ ഒരേനിലയിലാണ്. ശരിയും തെറ്റും തൂക്കിനോക്കുക എന്നതിനപ്പുറം തുല്യനീതി നടപ്പാക്കുക എന്നതാണ് അർത്ഥമാക്കുന്നത്. അതുപോലെ,​ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നതിന്റെ സൂചകമാണ് ഉയർത്തിപ്പിടിച്ച ഖഡ്ഗം. ക്രിമിനലുകൾ നിയമത്തെ ഭയക്കണം. തെറ്റു ചെയ്യാത്തവർ ഭയക്കേണ്ടതില്ലല്ലോ. പൊതുവേ കുറ്റകൃത്യത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഒരുകാരണം നിയമഭയം തന്നെയാണ്. ഈ തത്വം ജഡ്ജിമാർ മനസിൽ കരുതണമെന്നതിന്റെ പ്രതിരൂപമാണ്,​ കണ്ണുകൾ കെട്ടി കൈയിൽ വാളുമായി നിൽക്കുന്ന നീതിദേവത. കണ്ണുകെട്ടി,​ മുഖംനോക്കാതെ തുല്യനീതി നടത്തുകയും അപ്പോൾ കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ പ്രഖ്യാപനമാണിത്.

(ഹൈക്കോടതി മുൻ ജഡ്ജിയാണ് ലേഖകൻ)