പറവൂർ: ഗോതുരുത്ത് കടൽവാതുരുത്തിലുള്ള പത്താം ക്ളാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പിതാവ് വടക്കേക്കര പൊലീസിൽ പരാതി നൽകി. ചൊവാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. കുട്ടി ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരുന്ന വഴി ചാരനിറമുള്ള ഡിയോ സ്കൂട്ടറിൽ യുവാവ് കുര്യാപ്പിള്ളി ഷാപ്പുപടി മുതലാണ് പിന്തുടരാൻ തുടങ്ങിയത്. പിന്നീട് വീടിന് സമീപം ആരുമില്ലാത്ത സ്ഥലത്തെത്തിയപ്പോൾ കൈയിൽ കയറിപിടിച്ച് വലിച്ച് സ്കൂട്ടറിൽ കയറ്റാൻ ശ്രമിച്ചു. കുട്ടി കരഞ്ഞതോടെ ഇയാൾ രക്ഷപ്പെട്ടു. ലേബർ കവലയിൽ പൊലീസിന്റെ നാല് നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. സമീപത്തുള്ള ചില വീടുകളിലെ ക്യാമറയിൽ നിന്ന് ഒരാൾ സ്കൂട്ടറിൽ പിന്തുടരുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.