കൊച്ചി: ഹിഡൻ ചാർജുകളുണ്ടാകില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വില്പന നടത്തി, വാഗ്ദാന ലംഘനം നടത്തിയ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.ബി.എൽ ബാങ്കിനെതിരെ കൂവപ്പടി സ്വദേശി എം.ആർ. അരുൺ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കാർഡ് ലഭിച്ചതിന് ശേഷം ഹർജിക്കാരൻ 50,000 രൂപയുടെ പർച്ചേസുകൾ നടത്തി. 40 ദിവസം കഴിഞ്ഞിട്ടും പെയ്‌മെന്റ് തിരിച്ചടയ്ക്കാനുള്ള സന്ദേശം പരാതിക്കാരന് ലഭിച്ചില്ല. ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ 50,590 രൂപ നൽകാനാണ് നിർദ്ദേശിച്ചത്. ആ തുക നൽകിയെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാൻ കൂടുതൽ തുക ചോദിച്ചു.

പിന്നീട് അഭിഭാഷകൻ മുഖേനെ ബാങ്ക് അയച്ച നോട്ടീസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നോട്ടീസിൽ പരാമർശിക്കുന്ന നമ്പറിലുള്ള ക്രെഡിറ്റ് കാർഡ് തനിക്ക് നൽകിയിട്ടില്ലെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്. ഇതിന്റെ പേരിൽ തന്റെ സിബിൽ സ്‌കോർ കുറഞ്ഞതുകാരണം ബാങ്കുകൾ വായ്പ നിഷേധിച്ചുവെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഡി.ബി.ബിനു അദ്ധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ബാങ്കിന് പിഴ വിധിക്കുകയും

സിബിൽ സ്‌കോറിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ നിന്നും പരാതിക്കാരന്റെ പേര് ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.