jagadeesh
ജഗദീഷ് കുമാർ

പെരുമ്പാവൂർ: ഗുരുതരമായ ഹൃദയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുടുംബനാഥനായ 58 കാരൻ സുമനസുകളുടെ സഹായം തേടുന്നു. എറണാകുളം ലിസി ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലുള്ള കൂവപ്പടി അയ്മുറിയിൽ പൂപ്പാനി റോഡിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന പ്രശാന്തി നിലയത്തിൽ ജഗദീഷ് കുമാറാണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. ഒരു സ്വകാര്യ വസ്ത്രസ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് ജഗദീഷിന് ഹൃദ്രോഗം പിടിപെടുന്നത്. തുടർന്ന് കടംവാങ്ങി ആഞ്ചിയോപ്ലാസ്റ്റി നടത്തിയെങ്കിലും ഫലപ്രദമായില്ല. അടിയന്തരമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയയ്ക്കായി അഞ്ചര ലക്ഷത്തോളം രൂപ ചെലവ് വരും. സാമ്പത്തിക ബാദ്ധ്യത ഏറെയുള്ള ജഗദീഷ് കുമാറിന് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്റെ വരുമാനമാണ് ഏക ആശ്രയം. ദിവസവും ആവശ്യമുള്ള മരുന്നുപോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഈ അവസ്ഥയിലാണ് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. കൂവപ്പടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. റാഫേലിന്റെ (ചാർളി)​ നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപിക്കുന്നത്. എസ്.ബി.ഐ പെരുമ്പാവൂർ ശാഖയിലെ അക്കൗണ്ട് നമ്പർ : 37069456937,​ IFSC - SBIN0008661. ഗൂഗിൾ പേ നമ്പർ: 9633676677.