പെരുമ്പാവൂർ: അതിഥിതൊഴിലാളികളുടെ കുടിയേറ്റം വ്യവസ്ഥാപിതവും സാമൂഹ്യ നിയന്ത്രണങ്ങൾക്ക് വിധേയവുമാക്കണമെന്നും കുടിയേറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംഘടന മാനവ ദീപ്തി സമർപ്പിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി സമർപ്പിച്ച പരാതിയിലാണ് നടപടി. അതിഥിതൊഴിലാളി കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ മാനവദീപ്തി സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, പരിഹാര നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.