 
പറവൂർ: അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള കുഞ്ഞിത്തൈയിലെ കരയാമട്ടം പാലം അപകടനിലയിലായിട്ട് പത്ത് വർഷത്തിലധികമായി. ഓരോ ദിവസവും കഴിയുന്തോറും അപകടാവസ്ഥ കൂടിവരികയാണ്. മുനമ്പം കവല - കുഞ്ഞിത്തൈ റോഡിൽ പള്ളിപ്പുറം കടവിന് ഒരു കിലോമിറ്ററിന് മുമ്പാണ് കരയാമട്ടം പാലം. ഈ പ്രദേശത്തേയ്ക്കുള്ള ഏക റോഡ് മാഗമാണിത്. പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികൾ പുറത്തുകാണാൻ തുടങ്ങിയട്ട് കാലമേറെയായി. കൈവരികളിലെ കമ്പികൾ അടർന്നുപോയി. പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് ആൽമരം വളർന്ന് വലുതായി പാലത്തിന്റെ ഒരു ഭാഗത്തെ ഭിത്തിക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ട്. അന്നുതൊട്ട് പാലത്തിന്റെ അവസ്ഥ നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്. പാലത്തിന്റെ ശോചനീയാവസ്ഥ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. ഒരുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മണ്ണ് പരിശോധന നടത്തിയിരുന്നു. എന്നാൽ പുതിയ പാലത്തിന് ഫണ്ട് അനുവദിക്കാതെ മണ്ണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ഉന്നതതലത്തിൽ നിന്ന് ശാസന കേൾക്കേണ്ടി വന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ് റോഡും പാലവും. പാലം തകർന്നുവീണ് അപകടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. പാലം തകർന്നാൽ നൂറുകണക്കിന് വീട്ടുകാർ മറ്റ് മാർഗങ്ങളില്ലാത്തിനാൽ ഒറ്രപ്പെട്ടുപോകും. പുതിയ പാലം നിർമ്മിക്കാൻ നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിൽേധത്തിന് ഒരുങ്ങുകയാണ്.