1

ഫോർട്ട് കൊച്ചി: ഫോർട്ട്കൊച്ചി കടപ്പുറത്തേക്കുള്ള നടവഴിയിലൂടെ മൂക്കുപൊത്താതെ കടന്നുപോകാനാവില്ല. മനുഷ്യ വിസർജന കേന്ദ്രമായിരിക്കുകയാണിവിടം. ഫോർട്ട്കൊച്ചി റസ്റ്റ് ഹൗസിന് സമീപത്തെ നടവഴിയാണ് മലമൂത്ര വിസർജനം കൊണ്ട് നടക്കാൻ പോലും കഴിയാതെയായത്. ഫോർട്ട്കൊച്ചിയിൽ ശുചിമുറി സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇത്തരത്തിൽ വഴിയരികിൽ ശങ്ക മാറ്റാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് വിദേശവിനോദ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രത്തിനാണ് ഈ ദുർഗതി. ചില സാമൂഹ്യ വിരുദ്ധരും ഇവിടെ വൃത്തിഹീനമാക്കുന്നതിൽ പങ്കാളികളാകുന്നുണ്ട്. നവീകരിച്ച ഫോർട്ട്കൊച്ചി റസ്റ്റ് ഹൗസ് കഴിഞ്ഞദിവസമാണ് ഉദ്ഘാടനം ചെയ്തത്. ബീച്ചിലെ മാലിന്യ പ്രശ്നം വീർപ്പുമുട്ടിക്കുന്നതിനിടെയാണ് അധികൃതർക്ക് പരിഹരിക്കാൻ അടുത്ത പ്രശ്നവും വന്നിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ ശുചിമുറി ഒരുക്കാൻ ലക്ഷങ്ങൾ ഫണ്ട് ഉണ്ട്. എന്നിട്ടും അധികാരികളുടെ പിടിപ്പുകേടാണ് ഇവിടം ഇങ്ങനെ വൃത്തികേടായിരിക്കാൻ കാരണം. ഇതിന് അധികൃതർ ഉത്തരം പറയണം

അഡ്വ. ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചിൻ കോർപ്പറേഷൻ