കൊച്ചി: അഴിമതിക്കാരെയും നേതാക്കളുടെ കച്ചവടതാല്പര്യങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ ആത്മാർത്ഥതയോടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ പുറത്താക്കാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്ന് പുറത്താക്കപ്പെട്ട സി.പി.എം തൃക്കാക്കര ഏരിയാ കമ്മറ്റിയംഗം വി.പി. ചന്ദ്രൻ ആരോപിച്ചു. കച്ചവടതാത്പര്യങ്ങളോടെ കൊച്ചിയിലെ പാർട്ടിയിൽ പുതിയൊരു വിഭാഗം പിടിമുറുക്കിയെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

തൊഴിലാളികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ആശ്രയവും ആവേശവുമായിരുന്ന ജില്ലയിലെ പാർട്ടിയിൽ സാധാരണ പ്രവർത്തകർക്ക് രക്ഷയില്ലാതായി. തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത പ്രവർത്തകരെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വെട്ടിനിരത്തുകയാണ്. തന്നെ പുറത്താക്കാൻ ഉന്നയിച്ച ആരോപണം വയനാട് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ക്രമക്കേടായിരുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് ഫണ്ട് ശേഖരിച്ചത് കൗൺസിലർ ഡോ. ശൈലജ ചെയർപേഴ്‌സനായ സമിതിയാണ്. പൊതുപ്രവർത്തകൻ എന്ന നിലയിൽ സഹകരിക്കുക മാത്രമാണ് തനിക്കുള്ള ബന്ധം.

ചില നേതാക്കളുടെ നിയമവിരുദ്ധ ഇടപാടുകളും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും ചുണ്ടിക്കാണിച്ചപ്പോൾ സഹകരിച്ചുപോകാനാണ് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നേരിട്ട് നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറിക്ക് ഇഷ്ടമുള്ളവർ എന്ത് തെറ്റു ചെയ്താലും മൂടിവച്ച് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പൂണിത്തുറയിൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കലുഷിതമാക്കിയത് ജില്ലാ സെക്രട്ടറിയുടെ ഇടപെടലുകളാണ്. പ്രവർത്തകർ തമ്മിലുള്ള നിസാരവിഷയം പറഞ്ഞുതീർക്കാതെ പെരുപ്പിച്ച് ചിലരെ ജയിലിലടച്ചത് പാർട്ടി സെക്രട്ടറിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം. ഇടതുപക്ഷത്തിന് അടിത്തറയുള്ള പൂണിത്തുറ ലോക്കൽ സമ്മേളനം നടത്താൻ പോലും കഴിയാത്തതും കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നതും ഗുരുതരമായ സംഘടന വീഴ്ചയാണ്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ചന്ദ്രൻ പറഞ്ഞു.