കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 കെ.ഡബ്ല്യുവിന്റെ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 11വരെ ഭാഗികമായി കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ആക്കും. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ചെയ്യുമ്പോൾ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാൻ ഒന്നാം ബാക്കപ്പ് ആയും രണ്ടാം ബാക്കപ്പായും താത്കാലിക ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.

ഈ ജോലിയുടെ സമയപരിധിയിൽ എല്ലാ വകുപ്പ് മേധാവികളും ഹാജരായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ, പൊലീസ്, ഫയർ ഫോഴ്‌സ്, 108 ആംബുലൻസ് സേവനങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ട്രയൽ റൺ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നടത്തും. ട്രയൽ റണ്ണിന്റെ സമയത്തും അറ്റകുറ്റപ്പണി നടക്കുന്ന ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 11 വരെയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം മെഡിക്കൽ കോളേജിന്റെ സേവനം ഉപയോഗപ്പെടുത്താൻ സമീപത്തെ ആശുപത്രികളോടും ആരോഗ്യ പ്രവർത്തകരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.