കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ - തേവര പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ ദേശീയപാത അതോറിട്ടിക്ക് നിർദേശം നൽകും.
പാലം അടച്ചതിനെ തുടർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ച യോഗത്തിലാണ് തീരുമാനം.
പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുണ്ടന്നൂർ പാലം അടച്ചതോടെ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂർ-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരും. അതിനാൽ വലിയ തുക ടോളായി നൽകേണ്ടി വരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
കുമ്പളം നിവാസികൾക്ക് നേരത്തേ ഇളവ് നൽകിയ മാതൃകയിൽ മരടിലും ടോൾ ഒഴിവാക്കാനാണ് ആവശ്യപ്പെടുക.
വാഹനത്തിന്റെ ആർ.സി ബുക്കിലോ അല്ലെങ്കിൽ ആധാർ കാർഡിലോ രേഖപ്പെടുത്തിയിട്ടുള്ള വിലാസം കാണിച്ച് മരട് നിവാസിയാണെന്ന് വ്യക്തമാക്കി ടോൾ കടക്കാൻ കഴിയുന്ന വിധമുള്ള ക്രമീകരണമാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്. അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കാനും കളക്ടർ നിർദേശിച്ചു.
മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ,
കൊച്ചി കോർപ്പറേഷൻ അധികൃതർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, എൻ.എച്ച്.എ.ഐ കുമ്പളം ടോൾ പ്ലാസ മാനേജർ, പി.ഡബ്ല്യു.ഡി. എൻ.എച്ച്. എക്‌സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.