കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിന് ഹരിതകേരളം മിഷന്റെ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരള സർക്കാരിന്റെ 'മാലിന്യമുക്ത നവകേരളം' കാമ്പയിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സാക്ഷ്യപത്രം കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീതക്ക് കൈമാറി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സുജിത, കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജയകൃഷ്ണൻ പി, ഷെറിൻ എസ്.ആർ, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺസ് നിസ എ, ദീപു ടി.എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹരിത പെരുമാറ്റചട്ടം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഊർജ് സംരക്ഷണം എന്നീ മേഖലകളിൽ കോളേജ് നടത്തിവരുന്ന കാര്യക്ഷമവും മാതൃകാപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നേട്ടം. എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചാണ് നടത്തുന്നത്. ഇതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.