പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ പറവൂരിലെ റസ്റ്റ് ഹൗസിലെ വാട്ടർ ടാങ്ക് അടിയന്തരമായി വൃത്തിയാക്കി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർക്ക് നഗരസഭ ക്ളീൻ സിറ്റി മാനേജറുടെ നിർദേശം. വെള്ളത്തിന് നിറവ്യത്യാസമുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. ടാങ്ക് വൃത്തിയാക്കി ഏഴ് ദിവസത്തിനകം വെള്ളം ടെസ്റ്റ് ചെയ്ത് നഗരസഭയ്ക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം. പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള സിമന്റ് കൊണ്ട് നിർമ്മിച്ച ടാങ്കാണ് മൂന്നാം നിലയിലുള്ളത്. 2021ൽ നിർമ്മിച്ച ശേഷം ഇതുവരെ വൃത്തിയാക്കിയിട്ടില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. താമസക്കാർ ഉപയോഗിക്കുന്നത് കൂടാതെ റസ്റ്റ് ഹൗസിൽ റസ്റ്റോറന്റും പ്രവർത്തിക്കുന്നുണ്ട്. സാഹചര്യത്തിലാണ് ടാങ്ക് ക്ലീൻ ചെയ്യാനും വെള്ളം ടെസ്റ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരിക്കുന്നത്.