കൊച്ചി: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഡിജിറ്റൽ സാങ്കേതിക സേവനങ്ങളിലെ വ്യവസായ-വിജ്ഞാന പങ്കാളിത്തത്തിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ദീൻദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്ര (ഡി.ഡി.യു.കെ.കെ) നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ വിഭാഗമായ നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു.
ഡി.ഡി.യു.കെ.കെയുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും നെസ്റ്റ് ഗ്രൂപ്പിന്റെ പിന്തുണ ധാരണാപത്രം ഉറപ്പാക്കും. സൗജന്യ വ്യവസായ-ഇൻസ്റ്റിറ്റ്യൂട്ട് സംരംഭങ്ങൾ, നൈപുണ്യ പരിപാടികൾ, ഇന്റേൺഷിപ്പ് അവസരങ്ങൾ, നെസ്റ്റ് ഡിജിറ്റൽ അക്കാഡമിയുടെ പഠന പോർട്ടലിൽ നിന്നുള്ള സൗജന്യ ബാഡ്ജുകൾ, സാങ്കേതിക മത്സരങ്ങളിലും ഹാക്കത്തണുകളിലും സൗജന്യ പങ്കാളിത്തം എന്നിവ നെസ്റ്റ് ഉറപ്പാക്കും. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നെസ്റ്റ് പരിശീലനം നൽകും.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിരിയുടെ സാന്നിദ്ധ്യത്തിൽ രജിസ്ട്രാർ ഡോ. എ.യു. അരുണും നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒ നസ്‌നീൻ ജഹാംഗീറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. മുൻ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. സാം തോമസ്, ഡി.ഡി.യു.കെ.കെ ഡയറക്ടർ ഡോ.എസ്. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.