
കാക്കനാട്: കേരള ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിലെ എറണാകുളം റീജിയണൽ അഗ്‌നിരക്ഷാ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും ഹോം ഗാർഡ്‌സിനെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച കായികമേള സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോതമംഗലം എം.എ. കോളജ് ക്യാംപസിലായിരുന്നു മേള. എറണാകുളത്തിനു പുറമെ ഇടുക്കി ജില്ലയിലെ അഗ്‌നിരക്ഷാനിലയങ്ങളിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു. അത്‌ലറ്റിക്‌സിനു പുറമെ ബാഡ്മിറ്റൺ, വടംവലി, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു. കായികമേളയിൽ റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത്ത് പതാക ഉയർത്തി. കോതമംഗലം നഗരസഭാ ചെയർമാൻ ടോമി അബ്രാഹം ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ കെ.കെ. ഷിനോയി, മുനിസിപ്പൽ കൗൺസിലർ കെ.എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എ.എ. അബ്‌ന, ഡോ. നിഷ എന്നിവരെ ആദരിച്ചു. റീജിയണിലെ വിവിധ അഗ്‌നിരക്ഷാ നിലയങ്ങളിൽ പുതുതായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായ വനിതാ ഫയർ ഓഫീസർമാരും സ്ത്രീകളുൾപ്പെടെയുള്ള സിവിൽ ഡിഫൻസ് വളണ്ടിയർമാരും പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെ റീജിയണൽ ഫയർ ഓഫീസർ മെഡലുകൾ നൽകി അനുമോദിച്ചു. റീജിയണൽ മീറ്റിൽ മികച്ച പ്രകടനം നടത്തിയവർക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാനതല മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.