കൊച്ചി: ലോകനിലവാരമുള്ള നഗരമാക്കി കൊച്ചിയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൊച്ചിൻ സിറ്റി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ജി.സി.ഡി.എ പൂർത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കലൂർ മാർക്കറ്റ് പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലൂർ മാർക്കറ്റ് നവീകരണ പൂർത്തീകരണ പ്രഖ്യാപനം, കലൂർ മാർക്കറ്റ് റോഡ്, നഗരത്തിൽ അഞ്ച് ഇടങ്ങളിലായി നിർമിച്ച പൊതു ശുചിമുറി സമുച്ചയങ്ങൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ലോകോത്തര നഗരമായി കൊച്ചിയെ അവതരിപ്പിക്കണമെങ്കിൽ ശുചിത്വ പരിപാലനവും മാലിന്യ സംസ്‌കരണവും ഏറെ പ്രധാനമാണ്. ശുചിത്വ പരിപാലനത്തിൽ ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി നഗരസഭ ആരോഗ്യകാര്യ വികസന സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്റഫ്, ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എസ് അനിൽ കുമാർ, എ.ബി സാബു, കൗൺസിലർമാരായ ആഷിത യഹിയ, രജനി മണി, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്, ശാന്ത വിജയൻ, ജി.സി.ഡി.എ സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്, ജി.സി.ഡി.എ സീനിയർ ടൗൺ പ്ലാനർ എം.എം. ഷീബ തുടങ്ങിയവർ പങ്കെടുത്തു.