കൊച്ചി: അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ കൂട്ട മൊബൈൽമോഷണം നടത്തിയ കേസിൽ പ്രത്യേക അന്വേഷണസംഘം ഡൽഹിയിലെത്തി കസ്റ്റഡിയിലെടുത്ത കവർച്ചാസംഘത്തിലെ മൂന്നുപേരെ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഡൽഹി സ്വദേശികളായ പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബംഗളൂരുവിലെ ഒരു മാളിൽ സമാനമായി മോഷണം നടത്തിയതും ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്. കൊച്ചിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യലിന് ശേഷമാകും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഇവരിൽനിന്ന് 20 മൊബൈൽഫോണുകൾ കണ്ടെത്തിയതായാണ് വിവരം.

ഇതിന്റെ ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചുവരികയാണ്. കാണാതായ ഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 36 ഫോണുകളാണ് നഷ്ടമായത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്. മോഷണത്തിന് പിന്നിൽ വൻസംഘം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. ഗോവയിലടക്കം അലൻ വാക്കറുടെ പരിപാടിക്കിടെ സമാനരീതിയിൽ കവർച്ച നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

കവർച്ചയ്ക്ക് പിന്നിൽ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിലേത്.