കൊച്ചി: കലൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ ഇന്റ‌ർലോക്ക് സിമന്റുകട്ടയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. പള്ളുരുത്തി പൂമരത്തിങ്കൽ സ്വദേശി ബാബുരാജാണ് (62) അറസ്റ്റിലായത്. ഇതേ സ്ഥലത്ത് ജോലി ചെയ്യുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരാനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞ ആറ് ദിവസം ബാബുരാജ് തുടർച്ചയായി ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം ക്ഷീണത്താൽ ഇയാൾ മയങ്ങിപ്പോയി. ജോലി ചെയ്യാതെ അലംഭാവം കാണിക്കുകയാണെന്നും മറ്റും ആരോപിച്ച് പരിക്കേറ്റയാൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഇത് കൈയാങ്കളിക്ക് വഴിവയ്ക്കുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. നോർത്ത് എസ്.എച്ച്.ഒ സജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രദീപ് ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.