manaf

കോതമംഗലം: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ നഗരത്തിലെ ബാറിൽ ഗുണ്ടാ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. രണ്ട്പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആലുവ കീഴ്മാട് ചാലക്കൽ മനാഫ് (36), കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂർ വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി (20), വികാസ് കോളനി കണ്ണുങ്കേരിപറമ്പിൽ ഹരികൃഷ്ണൻ (21), നെല്ലിക്കുഴി കമ്പനിപടി കമ്മത്തുകുടിയിൽ നാദിർഷ (33) എന്നിവരാണ് പിടിയിലായത്. കന്നി 20 പള്ളിപ്പെരുന്നാളിന് കറുകടം സ്വദേശി അൻവറും ഓടയ്ക്കാലി സ്വദേശി റഫീക്കും ചേർന്ന് അമ്യൂസ്‌മെന്റ് പാർക്ക് ലേലത്തിൽ പിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബാറിൽ വച്ച് ഏറ്റുമുട്ടലുണ്ടായത്. പത്ത് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കൂടാതെ രണ്ടുപേരെ കൂടി പിടികൂടുന്നുണ്ട്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ ഷാഹൂർ ഹമീദ്, ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്തു .