
കൊച്ചി: വിവാദങ്ങൾ ചെലവാകുമെന്നതിനാൽ വിവാദവ്യവസായമായി മാദ്ധ്യമപ്രവർത്തനം കൂപ്പുകുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലാരിവട്ടം റിനൈ കൊളോസിയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിമർശനങ്ങളെ വോട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രത ഉണ്ടാകുന്നുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ വിലയിരുത്തണം. വിവാദങ്ങളുടെയും വികാരങ്ങളുടെയും പിറകെ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തണം. എല്ലാ കാര്യങ്ങളും വിമർശനങ്ങൾക്ക് വഴി മാറുമ്പോൾ അംഗീകരിക്കപ്പെടേണ്ടവ തമസ്‌കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി,ടി.ജെ വിനോദ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ,ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സി.ജി. രാജഗോപാൽ,റിനൈ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത്,ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു,ട്രഷറർ സുരേഷ് വെള്ളിമംഗലം,നിയുക്ത പ്രസിഡന്റ് കെ.പി. റെജി,നിയുക്ത ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ആർ. ഗോപകുമാർ,ജനറൽ കൺവീനർ എം. ഷജിൽകുമാർ എന്നിവർ പങ്കെടുത്തു.