
കൊച്ചി: കളമശേരിയിൽ ഇന്ന് 16 പേർ കണ്ണുകൾ മൂടിക്കെട്ടി മൂന്നു കിലോമീറ്റർ ബൈക്കോടിക്കൽ പ്രദർശനം നടത്തും. കളമശേരിയിലെ കേരള സ്കൂൾ ഒഫ് മെന്റലിസത്തിന്റെ ആഭിമുഖ്യത്തിലാണ് മെന്റലിസ്റ്റ് ആദിലിന്റെ നേതൃത്വത്തിൽ ഈ അപൂർവപ്രകടനം. സീപോർട്ട് - എയർപോർട്ട് റോഡിന്റെ നിർമ്മാണം പൂർത്തിയായ കളമശേരി എച്ച്.എം.ടിയിലെ ഭാഗത്താണ് 16 പേർ നിരന്ന് കണ്ണുകെട്ടി ബൈക്കോടിക്കുക. ഒന്നര കിലോമീറ്റർ സഞ്ചരിച്ച് തിരികെ പുറപ്പെട്ടയിടത്തെത്തും. വൈകിട്ട് നാലിനാരംഭിക്കും. 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും. 18 മുതൽ 45വരെ പ്രായമുള്ള, സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും പങ്കെടുക്കുന്നുണ്ടെന്ന് മെന്റലിസ്റ്റ് ആദിൽ പറഞ്ഞു. മൂന്നുപേർ വനിതകളാണ്. മോട്ടോർവാഹന വകുപ്പിന്റെയും പൊലീസിന്റെയും അനുമതി വാങ്ങിയിട്ടുണ്ടെന്ന് ആദിൽ പറഞ്ഞു.