
ചോറ്റാനിക്കര: അടുത്ത ട്രെയിന് ഇവിടെ സ്റ്റോപ്പ് ഉണ്ടോ? കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന്റെ നടത്തിപ്പുകാരൻ ദിനവും മുടങ്ങാതെ കേൾക്കുന്ന ചോദ്യമാണിത്. മുമ്പ് അഞ്ഞൂറിലേറെ സ്ഥിരം യാത്രക്കാരും നൂറിലേറെ സീസൺ ടിക്കറ്റുകാരുമുണ്ടായിരുന്ന റെയിൽവേസ്റ്റേഷന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ആറു പതിറ്റാണ്ടോളം പഴക്കമുള്ള കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷൻ ആയി തരംതാഴ്ത്തി. ട്രെയിനുകളുടെ എണ്ണവും വെട്ടിക്കുറച്ചു. കൊവിഡിന് മുമ്പ് 12 ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നത് ഇപ്പോൾ എട്ടായി കുറഞ്ഞു. ജോലിക്കാരടക്കം ആശ്രയിച്ചിരുന്ന നിലമ്പൂർ, കായംകുളം പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് ആണ് നഷ്ടമായത്. പുതുതായി അനുവദിച്ച മെമുവിനും സ്റ്റോപ്പില്ല. ഇപ്പോൾ പതിവുയാത്രക്കാർ ബൈക്കിനെയും ബസിനെയും ആശ്രയിക്കുകയാണ്. ആമ്പല്ലൂർ കാഞ്ഞിരമറ്റം, എടക്കാട്ട് വയൽ, ഉദയംപേരൂർ, ചെമ്പ്, അരയങ്കാവ്, പൂത്തോട്ട, പെരുമ്പളം ദ്വീപ് പ്രദേശങ്ങളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കോട്ടയം എം.പി. ഫ്രാൻസിസ് ജോർജിന് നിവേദനം നൽകി.
നിറുത്തലാക്കുമെന്ന് ആശങ്ക
ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയതിന് പിന്നാലെ നിർത്തലാക്കാനുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ കാഞ്ഞിരമറ്റവും ഇടം നേടിയിരുന്നു. പ്രതിഷേധമുയർന്നതോടെ റെയിൽവേ അധികൃതർ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ട്രെയിൻ സർവീസ് ചുരുക്കിയതും പാസഞ്ചർ ട്രെയിനുകൾ പലതും എക്സ്‌പ്രസ് ആയതും സ്റ്റേഷൻ നിർത്തലാക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്ക യാത്രക്കാർക്കുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും റെയിൽവേ തയ്യാറല്ല. എന്നാൽ, രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ ഉയരം കൂടുന്നതോടെ അപകടങ്ങൾ വർദ്ധിക്കാമെന്നും അതൊഴിവാക്കാൻ സ്റ്റേഷനിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
ഉപയോഗപ്പെടുത്താനുണ്ട് സ്ഥലം
ആമ്പല്ലൂർ എടക്കാട്ട് വയൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്റ്റേഷനാണ് കാഞ്ഞിരമറ്റം. സ്വന്തമായി 25 ഏക്കർ സ്ഥലം റെയിൽവേയ്ക്ക് ഇവിടെയുണ്ട്. പ്രദേശത്ത് കുട്ടികൾക്കും യുവാക്കൾക്കും നല്ല ഒരു കളിസ്ഥലമോ പാർക്കോ ഇല്ല. എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാർഡിലാണ് സ്റ്റേഷനുള്ളത്. ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി ഇടപെട്ടാൽ റെയിൽവേയ്ക്ക് വരുമാനം കിട്ടും വിധം ഒരു ഉല്ലാസ കേന്ദ്രമോ പാർക്കോ ഇവിടെയുണ്ടാക്കാം.
യാത്രക്കാരുടെ ആവശ്യങ്ങൾ
1. പുതുതായി അനുവദിച്ച മെമുവിന് സ്റ്റോപ്പ് അനുവദിക്കണം.
2. സ്റ്റേഷനിൽ ശുചിമുറിയും കുടിവെള്ളവും ലഭ്യമാക്കണം
3. പാർക്കിംഗ് സൗകര്യമൊരുക്കണം
4. വിസിറ്റിംഗ് റൂമിലും ഓഫീസ് റൂമിലും പ്രാവ് ശല്യം ഒഴിവാക്കി ഉപയോഗയോഗ്യമാക്കണം
5. ഫുട്ട് ഓവർ ബ്രിഡ്ജ് ഒരുക്കണം
6. കാഞ്ഞിരമറ്റം എന്ന ബോർഡ് സ്ഥാപിക്കണം
7. പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കണം.
കാഞ്ഞിരമറ്റം ഉറൂസിന് 3000ത്തിലധികം യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കും. വരുമാനം മൂന്നിരട്ടി ആകും
ഇ.പി. രഘുനാഥ്
സ്റ്റേഷൻ നടത്തിപ്പുകാരൻ, പ്രസിഡന്റ്
പാസഞ്ചേഴ്സ് അസോസിയേഷൻ