കോതമംഗലം: കോതമംഗലം പീസ് വാലിയിലെ ഭിന്നശേഷി കുട്ടികളുടെ സംവേദനാത്മകമായ കഴിവുകളുടെ വികാസം ലക്ഷ്യമിട്ട് നിർമ്മിച്ച സെൻസറി ഗാർഡന് തുടക്കമായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ സഹായത്തോടെയാണ് ഗാർഡൻ നിർമ്മിച്ചത്. നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾ ആകാശത്തേക്ക് വർണ ബലൂണുകൾ പറത്തിയുള്ള ഉത്ഘാടന ചടങ്ങ് വേറിട്ട അനുഭവമായി. എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ മൻമോഹൻ സ്വയിൻ സെൻസറി ഗാർഡൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിൽ പീസ് വാലി നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടിസം ബാധിതർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരുടെ കാഴ്ച, കേൾവി, സ്പർശനം, ഗന്ധം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി സംവിധാനങ്ങളാണ് 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെൻസറി ഗാർഡനിൽ ഒരുക്കിയിട്ടുള്ളത്. സെൻസറി നടപ്പാത, മെഡിറ്റേഷൻ ഏരിയ, പെറ്റ് ഏരിയ, സാൻഡ് പിറ്റ്, സ്മൈൽ ആൻഡ് ടെസ്റ്റ് സോൺ, ഒബ്സ്കിൽ വോക്കിംഗ്, ഫിഷ് സ്പാ എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. വ്യവസായി നവാസ് മീരാൻ ചടങ്ങിൽ മുഖ്യാതിഥിയായി. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അദ്ധ്യക്ഷനായി. സെൻസറി ഗാർഡൻ ആർക്കിടെക്ട് സെറ ജെയിംസിനെ ആദരിച്ചു. എസ്.ബി.ഐ റീജിയണൽ മാനേജർ നാഗരാജ്, പീസ് വാലി ഉപാദ്ധ്യക്ഷൻ രാജീവ് പള്ളുരുത്തി, സി.ഇ.ഒ ഹുസൈൻ നൂറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.