പറവൂർ: പ്ളസ്ടു രണ്ടാംവർഷ സാമ്പത്തിക ശാസ്ത്രത്തിലെ പണവും ബാങ്കിംഗും പാഠഭാഗം പഠനോപകരണങ്ങൾ നിരത്തി ഏളപ്പത്തിൽ പഠിപ്പിക്കുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ പ്രമോദ് മാല്യങ്കര. രണ്ട് ദിവസമെങ്കിലും പഠനത്തിന് ആവശ്യമുള്ളപ്പോൾ ഒരു പീരീഡിൽ എല്ലാം മനസിലാക്കാവുന്ന രീതിയിലാണ് ക്ളാസ്. ബാർട്ടർ സമ്പ്രദായം, പണത്തിന്റെ ചാക്രിക പ്രവാഹം, ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം, എ.ടി.എം മെഷീൻ, യു.പി.ഐ, ചെക്ക് ഉപയോഗിച്ച് പണം സ്വീകരിക്കൽ, ഡിമാൻഡ് ഡ്രാഫ്റ്റ്, ആർ.ടി.ജി.എസ്, എ.ഇ.എഫ്.ടി തുടങ്ങിയവ ബാങ്കിംഗ് ഇടപാടുകളാണ് പഠനോപകരണങ്ങൾ നിരത്തി പഠിപ്പിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ പാഠഭാഗങ്ങൾ തൊട്ടറിഞ്ഞും കണ്ടറിഞ്ഞും പഠിക്കാമെന്ന് തെളിയിക്കുകയാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര. പഠനം ഏളപ്പവും രസകരവുമാക്കാൻ നിരവധി രീതികൾ തയ്യാറാക്കി ശ്രദ്ധ നേടിയിട്ടുണ്ട് ഇദ്ദേഹം.