kkk

ആലുവ: ആലുവ നഗരസഭാ ജീവനക്കാരനെ ജോലിക്കിടെ പെരുമ്പാവൂർ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു അറസ്റ്റ്. നാല് മണിക്കൂറിന് ശേഷം ആളുമാറിയെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു.

നഗരസഭാ ഓഫീസിലെ നൈറ്റ് വാച്ചർ ടി.എ. സുധീറിനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് 5.45ന് കസ്റ്റഡിയിലെടുത്തത്. നഗരസഭാ ഓഫീസിലേക്ക് ജീപ്പിലെത്തിയ പൊലീസ് സബ് ഇൻസ്പെക്ട‌ർ 'സുധീർ ആണോ"യെന്ന് ചോദിച്ച് ചാടിയിറങ്ങുകയായിരുന്നു. ആണെന്ന് പറഞ്ഞപ്പോൾ ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. കാര്യം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. മേലധികാരികളെ അറിയിക്കണമെന്നു പറഞ്ഞെങ്കിലും അനുവദിച്ചില്ല. പൊലീസുകാർ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി.

ഈ സമയം യാദൃച്ഛികമായി സ്ഥലത്തെത്തിയ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ പൊലീസുമായി സംസാരിച്ചെങ്കിലും സുധീറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിയിട്ടും കുറ്റം എന്താണെന്ന് പറഞ്ഞില്ല. കുറെ കഴിഞ്ഞാണ് വീട് കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കൊണ്ടുവന്നതെന്ന് പറഞ്ഞത്. തെളിവെടുപ്പിനായി പരാതിക്കാരെത്തിയപ്പോഴാണ് സുധീറിന് കേസിൽ പങ്കില്ലെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് രാത്രി 9.45ന് വിട്ടയച്ചു.

നഗരസഭാ സെക്രട്ടറിക്കും ജില്ലാ പൊലീസ് മേധാവിക്കും സുധീർ പരാതി നൽകി.

പൊലീസിനെതിരെ നടപടി

വേണം: കൗൺസിൽ യോഗം

ആലുവ: ഡ്യൂട്ടിക്കിടെ മേലുദ്യോഗസ്ഥരെ അറിയിക്കാതെ നഗരസഭാ ജീവനക്കാരനെ ആളുമാറി കസ്റ്റഡിയിലെടുത്ത പെരുമ്പാവൂർ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആലുവ നഗരസഭ അടിയന്തര കൗൺസിൽ യോഗം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൊലീസിന്റെ നടപടിയിൽ കൗൺസിൽ യോഗം പ്രതിഷേധിച്ചു.

നഗരസഭാ കാര്യാലയത്തിൽ വൈകിട്ട് ആറിന് ദേശീയ പതാക താഴ്‌ത്താനിരിക്കെയാണ്ചുമതലപ്പെട്ട വാച്ച്‌മാനെ 5.45ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെയർമാൻ ഇടപെട്ട് പതാക താഴ്‌ത്താൻ മറ്റൊരു ജീവനക്കാരനെ വിളിച്ച് വരുത്തുകയായിരുന്നു.