
കൊച്ചി: നൂതന ആശയങ്ങളെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ മാനേജ്‌മെന്റ് വിദഗ്‌ദ്ധരുടെ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസി (എസ്.എം.എസ‌്)ന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടാക്‌സി, ആശുപത്രി, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ ലോകത്തെ ഏറ്റവും വലിയ ശൃംഖലകൾ നിലനിൽക്കുന്നത് നൂതന ആശയങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. സ്വന്തമായി ഭൗതിക സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് ഇത്തരം സംരംഭങ്ങൾ വിജയിക്കുന്നത്. ഇത്തരം പുതിയ ആയങ്ങൾക്ക് വലിയ സാദ്ധ്യതയാണ് കേരളത്തിലുള്ളത്. അവയെ നാടിനാകെ ഗുണകരമാകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ടേൺ ഒഫ് ഇൻവെസ്റ്റ്‌മെന്റിൽ ഇന്ത്യയിലെ മികച്ച 100 മാനേജ്‌മെന്റ് സ്‌കൂളുകളിൽ മുന്നിലാണ് എസ്.എം.എസെന്നും ക്രിയാത്മക മുന്നേറ്റങ്ങൾ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിറി, എസ്.എം.എസ് ഡയറക്ടർ പ്രൊഫ.ഡോ.കെ.എ. സഖറിയ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം പ്രൊഫ.ഡോ. ശശി ഗോപാലൻ, സോഷ്യൽ സയൻസ് വിഭാഗം ഫാക്കൽറ്റി പ്രൊഫ.ഡോ. സാം തോമസ്, അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ് ബൈജു അമ്പാടൻ, കുസാറ്റ് രജിസ്ട്രാർ പ്രൊഫ.ഡോ.എ.യു. അരുൺ തുടങ്ങിയവർ പങ്കെടുത്തു.