വൈപ്പിൻ : ഫാം ഹൗസിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി പാമ്പുകടിയേറ്റു മരിച്ചു. ഇലാം ലക്ഷ്മി പബർ സ്വദേശിയായ മാൻകുമാർയോൻ ഹാങ് (30) ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ചെറായി മറ്റപ്പിള്ളി അനിൽ കുമാറിന്റെ ഫാം ഹൗസിലെ പണിക്കാരനായിരുന്നു. ചാണകം കയറ്റി കൊണ്ടുവന്ന ട്രോളിയുടെ കൈയിലുണ്ടായിരുന്ന പാമ്പാണ് കടിച്ചത്. അനിൽകുമാറിന്റെ ഒരു ഫാം ഹൗസിൽ നിന്ന് ചാണകം ട്രോളിയിൽ സഹോദരൻ സ്മാരകത്തിനടുത്തുള്ള ഫാം ഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇരുട്ടായിരുന്നതിനാൽ പാമ്പിനെ ഇയാൾ കണ്ടിട്ടുണ്ടാവില്ലെന്നാണ് നിഗമനം. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം നേപ്പാളിലേക്ക് കൊണ്ടു പോയി.

അണലി ശല്യം രൂക്ഷം

നാട്ടിൽ അണലികളുടെ ശല്യം രൂക്ഷമാണ്. കാട് പിടിച്ച ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കുമ്പോൾ ഒട്ടേറേ പാമ്പുകളെ കണ്ടെത്തുന്നുണ്ട്. നേപ്പാൾ സ്വദേശിക്ക് കടിയേറ്റ ഫാമിൽ ആൾ താമസമില്ല. പുഴയോരത്തുള്ള ഈ ഫാമിൽ തീറ്റപ്പുല്ല് വളർത്തുന്നുണ്ട്. ഈ പുല്ലുകൾക്കിടയിൽ പാമ്പുകൾ താവളമാക്കിയിട്ടുണ്ടാകാമെന്ന് കരുതുന്നു.