paravur-ground
പറവൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട്

പറവൂർ: നഗരത്തിനുള്ളിൽ നാല് ഏക്കറോളം വിസ്തൃതിയുള്ള ഗ്രൗണ്ട് ഉണ്ടെങ്കിലും കളിസ്ഥലമൊക്കാൻ ഇതുവരെ കഴിയാതെ പറവൂർ നഗരസഭ. മുനിസിപ്പൽ സ്റ്രേഡിയം ഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നെങ്കിലും കളിക്കാനുള്ള സൗകര്യമോ, സ്റ്രേഡിയമോ ഇവിടെയില്ല. കായികതാരങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം മുൻനിറുത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിനായി വിശദമായ എസ്റ്റിമേറ്റ് രണ്ടുമാസം മുമ്പ് തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 20 ശതമാനം പദ്ധതി വിഹിതത്തോടെ പത്ത് കോടി രൂപ സ്റ്റേഡിയം നിർമാണത്തിനായി വകയിരുത്തിയിരുന്നു. തുടർന്ന് ടോട്ടൽ സ്റ്റേഷൻ സർവേ പൂർത്തിയാക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർവഹണ ചുമതല. നല്ല രീതിയിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നതിനാൽ ധനകാര്യവകുപ്പ് നിർമ്മാണ ചുമതല മുൻപരിചയമുള്ള കായിക യുവജനക്ഷമ വകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം സർക്കാർതലത്തിൽ ഭരണാനുമതി നൽകാനുള്ള കമ്മിറ്റി പലതവണ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്.

----------------------------------------------------------------------------------------------------

പറവൂർ നഗരസഭയുടെ ആദ്യ കളിക്കളം മുപ്പത് വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായി വിട്ടുനൽകി പകരം സ്റ്റേഡിയം ഗ്രൗണ്ട് ഒരുക്കിയത് ചതുപ്പ് പാടം വാങ്ങി​ മണ്ണിട്ട് നികത്തി പതിനഞ്ച് വർഷം മുമ്പ് സ്റ്റേഡിയം നിർമ്മാണത്തിന്റെ ആദ്യപടിയായി ഗാലറി പണിതു ആധുനിക സ്റ്റേഡിയം നിർമ്മിക്കാൻ തടസമായത് ഈ ഗാലറി സ്റ്റേഡിയത്തിനായി 2019 നവംബറിൽ വി.ഡി.സതീശൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് വാഗ്ദാനം ചെയ്തത് രണ്ട് കോടിരൂപ തുടർന്ന് ഒരു മാസം മുമ്പ് ഗാലറി പൊളിച്ചു മാറ്റി എന്നാൽ എം.എൽ.എ വാഗ്ദാനം ചെയ്ത ഫണ്ട് കൊവിഡ് കാരണം വിനിയോഗിക്കാൻ സാധിച്ചില്ല

---------------------------------------------------------

സ്റ്റേഡിയം നിർമാണത്തിന് ആദ്യ പരിഗണന നൽകി സർക്കാരിൽ സമ്മർദം ചെലുത്തി എത്രയും വേഗം ഭരണാനുമതി നേടിയെടുക്കും

വി.ഡി. സതിശൻ

പ്രതിപക്ഷനേതാവ്

---------------------------------------------------------------------------------------

കെ.സി.എയും കൈവിട്ടു

മുനിസിപ്പൽ ഗ്രൗണ്ട് നിർമ്മാണത്തിന് കേരള ക്രിക്കറ്റ് അസോസിയേഷനെയും കേരള ഫുട്ബാൾ അസോസിയേഷനെയും നഗരസഭ സമീപിച്ചിരുന്നു. പത്ത് കോടിയോളം രൂപ ചെലവഴിക്കാൻ കെ.സി.എ തയാറായിരുന്നെങ്കിലും അവരുടെ ചില നിബന്ധനകളോട് യോജിക്കാനാവാത്തതിനാൽ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല.

-------------------------------------------------------------------------------------------------------

നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തതിനാൽ സ്കൂൾ ഉപജില്ലാ കായിക മത്സരങ്ങൾ പറവൂരിന് പുറത്താണ് നടത്തിവരുന്നത്.