ആലുവ: എസ്.എൻ പുരം മേഖലയിൽ പലിശക്കെണിയിൽ കുടങ്ങി നിരവധി കുടുംബങ്ങൾ. വനിതകളുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് ബ്ലേഡ് പലിശയ്ക്ക് കടം നൽകുന്നുവെന്നാണ് പരാതി. അനൗദ്യോഗികമായി കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ചിട്ടി നടത്തിപ്പ് നടക്കുന്നുണ്ട്. ഇപ്രകാരം കിട്ടുന്ന തുക അമിത പലിശയ്ക്കാണ് കൊടുക്കുന്നത്. പ്രതിദിനമോ ആഴ്ച്ച തോറുമോ തുക ഗഡുക്കളായി നൽകണം. അടവ് മുടങ്ങിയാൽ ബഹളം നടക്കുന്നതും നിത്യസംഭവമാണ്. ഈ കടം തീർക്കാൻ മറ്റൊരാളിൽ നിന്ന് പലിശക്കെടുത്താണ് പലരും കടക്കെണിയിലാകുന്നത്.

ഇതിനിടയിൽ ഒരു അയൽക്കൂട്ടത്തിന്റെ ബാങ്കിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതായും ആരോപണമുണ്ട്. രണ്ട് മാസത്തെ തുകയായ ഒന്നര ലക്ഷം രൂപയാണ് മുടങ്ങിയിരിക്കുന്നത്. ഭാരവാഹികൾ കടക്കെണിയിലായതോടെ തിരിച്ചടവ് മുടങ്ങിയെന്നാണ് സൂചന.

തുക അടച്ചതായി കൃത്രിമ ബിൽ ഉണ്ടാക്കിയതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് മറ്റ് അംഗങ്ങൾ വിവരം അറിയുന്നത്.