കൊച്ചി: ചരിത്രപ്രസിദ്ധമായ കായൽസമ്മേളനത്തിന്റെ സ്മരണയ്ക്കായി കായൽ സമ്മേളന സാംസ്കാരിക സമിതി നിർമ്മിച്ച 'കൊച്ചി കായൽസമ്മേളന സ്മാരകം' ഇന്ന് വൈകിട്ട് 3.30ന് ഹൈബി ഈഡൻ എം.പി നാടിന് സമർപ്പിക്കും. ചടങ്ങിൽ അഡ്വ. പി.വി.ശ്രീനിജിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, മുൻ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് ശരത്ത് ചന്ദ്രൻ, കായൽ സമ്മേളന സാംസ്കാരിക സമിതി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരാകും. മുളവുകാട് ഡോ. ബി.ആ‌ർ. അംബേദ്കർ സ്മാരക എസ്.സി കമ്മ്യൂണിറ്റി ഹാളിലാണ് കായൽസമ്മേളന സ്മാരകം നിർമ്മിച്ചിരിക്കുന്നത്. കായൽ സമ്മേളനത്തിന് ഇതുവരെ ഒരു ചരിത്രസ്മാരകം പോലും സർക്കാർ നിർമ്മിക്കാത്ത സാഹചര്യത്തിലാണ് 2017 മുതൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കായൽ സമ്മേളന സ്മാരക സമിതി ഇതിനായി രംഗത്തുവന്നത്.