pol
വെങ്ങോല പൂനൂരിൽ അപകടത്തിൽപ്പെട്ട ബൈക്ക്

കിഴക്കമ്പലം: കാവലും കരുതലുമായെത്തിയ പൊലീസ് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികരുടെ രക്ഷകരായി. പ്രതിയുമായി മൂവാറ്റുപുഴ സബ് ജയിലിൽ പോയി മടങ്ങിയ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ എ.ആർ. ജയൻ, ആർ. ജഗതി എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ബൈക്ക് അപകടത്തിൽപ്പെട്ട രണ്ടു യുവാക്കൾക്ക് രക്ഷയായത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ വെങ്ങോല പൂനൂരിൽ ഭാരവാഹനവും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ഒരാൾ കാനയിൽ എഴുന്നേല്ക്കാൻ കഴിയാത്തവിധവും മറ്റൊരാൾ റോഡരികിൽ തലയ്ക്ക് പരിക്കേറ്റ നിലയിലുമായിരുന്നു. ഇരുവരെയും പൊലീസ് സുരക്ഷിതമായി റോഡരികിൽ നിർത്തിയ ശേഷം അതു വഴി വന്ന വാഹനത്തിൽ കയറ്റി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൺട്രോൾ റൂമിൽ വിവരമറിയിച്ചതോടെ എസ്.ഐ എൻ.പി. ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആശുപത്രിയിലെത്തി. ഇവരുടെ രക്ഷകർത്താക്കളെ വിവരം അറിയിച്ച് സുരക്ഷിതമാക്കിയാണ് പൊലീസ് മടങ്ങിയത്. വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു.