
കാക്കനാട്: സംസ്ഥാനത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി ഗുജറാത്തിൽ നിന്ന് വിവിധ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അടങ്ങുന്ന 27 പേരുടെ സംഘം എറണാകുളം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. കിലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി എത്തിച്ചേർന്ന സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആനന്ദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസ് മുഖ് ഭായ് പട്ടേൽ, ഗാന്ധി നഗർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശില്പ ബെൻ പട്ടേൽ, മോർബി പഞ്ചായത്ത് പ്രസിഡന്റ് ഹസൻ ബെൽ, ഗുജറാത്ത് എസ്.ഐ.ആർ.ഡി സീനിയർ ഫാക്കൽറ്റി അംഗം നിലാ പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പഠന സംഘം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി. ജില്ലാ പഞ്ചായത്തിന്റെ കിരണം, മികവ് , ഡയാലിസിസ്, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ഹീമോഫീലിയ പ്രവർത്തനങ്ങൾ, വനിതാ ശാക്തീകരണ പ്രവൃത്തികൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവ ഗുജറാത്തിൽ നടപ്പാക്കാൻ പരിശ്രമിക്കുമെന്നും ഗുജറാത്ത് പഠന സംഘം അറിയിച്ചു. ജില്ലാ പഞ്ചായത്തിന് കിട്ടിയ ദേശീയ, സംസ്ഥാന പുരസ്കാരങ്ങളെ കുറിച്ചും നേടാൻ സഹായിച്ച പ്രവർത്തനങ്ങളെക്കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ്, ഷാരോൺ പനക്കൽ, ലിസി അലക്സ്, കെ.വി. രവീന്ദ്രൻ, റഷീദ സലീം എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പഠന സംഘാംഗങ്ങൾ പുഷ്പാർച്ചന നടത്തി.