കൊച്ചി: വിൽപ്പനയ്‌ക്കെത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ആസാം സ്വദേശികളായ മിരാജുൾ ഹക്ക് (28), അമീർ ഹമാജാ (30), മുക്താർ അലി (30) എന്നിവരാണ് അറസ്റ്റിലായത്. കളമശേരി പത്തടിപ്പാലം ഇല്ലിക്കൽ റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക്‌സ് അസി.പൊലീസ് കമ്മിഷണർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് 22.91 ഗ്രാം ബ്രൗൺഷുഗറും 87.32 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇടക്കൊച്ചിയിൽ 2.52 ഗ്രാം എം.ഡി.എം.എ കൈവശംവച്ചതിന് യുവാവും ഇന്നലെ അറസ്റ്റിലായി. ഇടക്കൊച്ചി അനമൂട്ടിൽ വീട്ടിൽ മനിൽകുമാറാണ് (22) പിടിയിലായത്.