police

ആലുവ: ക്രൈം കേസുകൾ പെരുകിയതിനെ തുടർന്ന് എട്ട് വർഷം മുമ്പ് രൂപീകരിച്ച എടത്തല പൊലീസ് സ്റ്റേഷൻ 'ശൈശവദശ'യിൽ തന്നെ. ആലുവ പൊലീസ് സ്റ്റേഷൻ വിഭജിച്ച് രൂപീകരിച്ച സ്റ്റേഷൻ വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ്.

ഒരു സബ് ഇൻസ്‌പെക്ടർ, രണ്ട് വനിതാ എസ്‌.ഐ, രണ്ട് എ.എസ്‌.ഐ, രണ്ട് വനിതാ എ.എസ്‌.ഐ തസ്തികകൾ ഉൾപ്പെടെ 54 തസ്തികകൾ അനുവദിക്കാനാണ് 2016 ഫെബ്രുവരി 13ന് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമ്പോൾ തീരുമാനം. അനുവദിച്ചതാകട്ടെ 32 തസ്തികകൾ മാത്രം.

നിലവിലുള്ള സേനാബലം ക്യാമ്പിൽ നിന്ന് താത്കാലികമായി അനുവദിച്ച അഞ്ച് പേർ ഉൾപ്പെടെ 26 പേർ. 32 തസ്തികകളിൽ 20 സി.പി.ഒമാർ വേണ്ടിടത്ത് ആകെയുള്ളത് 13 പേർ. അഞ്ച് സീനിയർ സി.പി.ഒമാർക്ക് മൂന്ന് പേരാണുള്ളത്. മൂന്ന് വനിത പൊലീസ് വേണ്ടിടത്ത് രണ്ട് പേരും. നിലവിലുള്ള 26 പൊലീസുകാരിൽ മൂന്ന് പേർ ഡിവൈ.എസ്.പി ഓഫീസ്, നർക്കോട്ടിക്ക് ഡിവൈ.എസ്.പി ഓഫീസ്, ഹൈവേ പട്രോൾ എന്നിവയുടെ ഭാഗമായി ജോലി ചെയ്യുകയാണ്. മൂന്ന് പേർ മെഡിക്കൽ അവധിയിലുമാണ്. അവശേഷിക്കുന്ന 20 പേരാണ് സ്റ്റേഷൻ ഡ്യൂട്ടിക്കുള്ളത്. 12 മണിക്കൂർ വീതമുള്ള ജി.ഡി ചാർജുമാന്റെ ചുമതല നിർവഹിക്കാൻ മൂന്ന് പേർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ വനിതയുമാണ്. റൈറ്റർ സ്ഥലം മാറിപ്പോയതോടെ തസ്തിക ഒരാഴ്ചയായി ഒഴിഞ്ഞുകിടക്കുകയാണ്. മാസം 75 മുതൽ 90 വരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ക്രൈം കേസുകൾ ശരാശരി 25നും 30നും ഇടയിലാണ്.

സ്റ്റേഷനിൽ രണ്ട് ജീപ്പുണ്ടെങ്കിലും ഡ്രൈവർ തസ്തികയിൽ ഒരാൾ മാത്രമാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ പാറാവ് ഡ്യൂട്ടിക്കാരനും അസി. റൈറ്ററും ഡ്രൈവറാകും. നിരവധി കോളനികളുള്ള സ്റ്റേഷൻ പരിധിയിൽ രാത്രികാലങ്ങളിൽ ജി.ഡി ചാർജുമാനും പാറാവുകാരനുമെല്ലാം പുറത്തും പോകണം. ഈ ഘട്ടങ്ങളിൽ സ്റ്റേഷനിൽ ഒരു പാറാവുകാരൻ മാത്രമാകും.

 സ്വന്തം കെട്ടിടവും പ്രഖ്യാപനത്തിലൊതുങ്ങി

ചൂണ്ടിയിൽ സ്വന്തം കെട്ടിടത്തിൽ സ്റ്റേഷൻ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചൂണ്ടിയിൽ ഒരു ക്രൈസ്തവ സഭ 10 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തു. നാലാംമൈലിൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിന്റെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിൽ താത്കാലികമായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തപ്പോൾ സഭാമേധാവികളിൽ നിന്ന് സമ്മതപത്രവും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചിരുന്നു. പക്ഷെ തുടർ നടപടികളുണ്ടായില്ല. എടത്തല അൽ അമീൻ കോളേജിന് സമീപം റവന്യു പുറമ്പോക്കിൽ പൊലീസ് സ്റ്റേഷൻ തുടങ്ങാൻ സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഗതാഗത പ്രശ്നമുള്ളതിനാൽ ഇവിടെ സ്റ്റേഷൻ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് താത്പര്യവുമില്ല. പരാതിക്കാർക്കും ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്.