malinayam
മൂവാറ്റുപുഴ ആറിലേക്ക് മാലിന്യം തളളിയ ഹോട്ടലിൽ നഗരസഭ അധികൃതർ പരിശോധിക്കുന്നു

മൂവാറ്റുപുഴ: പട്ടാപകൽ മൂവാറ്റുപുഴ ആറിലേക്ക് മാലിന്യം തള്ളിയ മൂന്ന് ഹോട്ടലുകൾക്ക് എതിരെ നടപടിയുമായി നഗരസഭ അധികൃതർ. എവറസ്റ്റ് ജംഗ്ഷനിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ നിന്നാണ് ചാക്കിൽ ശേഖരിച്ച മാലിന്യങ്ങൾ കച്ചേരിത്താഴം പാലത്തിൽ നിന്ന് പുഴയിലേക്ക് തളളിയത്. സംഭവം സമീപത്തുള്ള നഗരസഭ ഓഫീസിലുണ്ടായവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം മൂവാറ്റുപുഴ പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം മാലിന്യം തള്ളിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എവറസ്റ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ മാലിന്യമാണെന്ന് കണ്ടെത്തിയത്. ആക്രി പെറുക്കി ജീവിക്കുന്ന മൂന്ന് പേർക്ക് എവിടെയെങ്കിലും തള്ളാനായി ഹോട്ടലുടമകൾ മാലിന്യം കൈമാറുകയായിരുന്നു. ഇവരാണ് മാലിന്യം ആറ്റിൽ തള്ളിയത്. സംഭവത്തെ തുടർന്ന് ഈ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് വന്നിരുന്ന ഒരു ഹോട്ടൽ അടച്ച് പൂട്ടി. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന രണ്ട് ഹോട്ടലുകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. 5000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.

മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം നഗരത്തിൽ കഴിഞ്ഞ ആഴ്ച ജന പങ്കാളിത്തതോടെ ശുചീകരണം സംഘടിപ്പിച്ചിരുന്നു. പുഴയിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡ് വക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആളുകൾ നോക്കി നിൽക്കെ മാലിന്യം പുഴയിൽ തളളിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും

പി.പി. എൽദോസ്

നഗരസഭ ചെയർമാൻ