auto
ഈസ്റ്റ് മിറാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുക്കിയ പരിസ്ഥിതി സൗഹൃദ ഹരിത ഓട്ടോറിക്ഷ സ്‌റ്റാൻഡ്

മൂവാറ്റുപുഴ: ഓട്ടോ സ്‌റ്റാൻഡിൽ പരിസ്ഥിതി സൗഹൃദ ഹരിത വിശ്രമ കേന്ദ്രം ഒരുക്കി ഈസ്റ്റ് മാറാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. കാഴ്ചക്കാരെ ആകർഷിക്കും വിധമാണ് റോഡരികിലെ വിശ്രമ കേന്ദ്രത്തിൽ ഹരിതോദ്യാനത്തോടൊപ്പം കൊച്ചു പൂങ്കാവനവും ഈസ്റ്റ് മാറാടി ഷാപ്പുംപടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുക്കിയിരിക്കുന്നത്. ഔഷധ സസ്യങ്ങൾ, ഫല വൃക്ഷങ്ങൾ, ആമ്പലും താമരയും ഉൾപ്പെടെയുള്ള പൂച്ചെടികൾ, പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ എന്നിവയാണ് വിശ്രമകേന്ദ്രത്തിനകത്തും പുറത്തുമായുള്ളത്. പല വർണങ്ങളിലുള്ള ഇരുപതോളം പൂച്ചെടികളും, മാവ്, പനിനീർ ചാമ്പ, പേര തുടങ്ങി വിവിധതരം ഫലവൃക്ഷങ്ങളും, ആര്യവേപ്പും നട്ടുപിടിപ്പിച്ചാണ് ഓട്ടോ - ഗുഡ്സ് തൊഴിലാളികളുടെ കൂട്ടായ്മ ഹരിതോദ്യാനം തയാറാക്കിയിരിക്കുന്നത്. ചെറിയൊരു ആമ്പൽകുളം കാഴ്ചക്കാരെ ആകർഷിക്കുന്നു. മൂവാറ്റുപുഴ - കോട്ടയം എം.സി റോഡിലൂടെ കടന്നുപോകുന്നവരെല്ലാം ഈ വിശ്രമ കേന്ദ്രം ശ്രദ്ധിക്കാതിരിക്കില്ല. വിശ്രമ കേന്ദ്രത്തിനോടൊപ്പം റോഡരികിലെ നടപ്പാതയും തൊഴിലാളികൾ മനോഹരമാക്കിയിട്ടുണ്ട്. നഴ്സറികളിൽ നിന്നും വീടുകളിൽ നിന്നുമാണ് പൂച്ചെടികളും മറ്റും എത്തിച്ചിരിക്കുന്നത്. പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് പൂച്ചെടികൾക്കുള്ള ചട്ടികളും മറ്റും നിർമ്മിച്ചിരിക്കുന്നത്. ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളിയുടെ സഹകരണവും ഹരിതോദ്യാന പരിപാലനത്തിന് ലഭിക്കുന്നുണ്ട്. ചെടികൾക്കും വൃക്ഷങ്ങൾക്കുമുള്ള വെള്ളം പള്ളിയിൽ നിന്നാണ് നൽകുന്നത്.

തൊഴിലാളികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും വിശ്രമിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അലങ്കാരത്തിന് പുറമെ യാത്രക്കാർക്കായി കുടിവെള്ളവും വർത്തമാനപത്രവും വിശ്രമകേന്ദ്രത്തിലുണ്ട്.