
കാക്കനാട്: ഷെയർ മാർക്കറ്റ് ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്‌ത് യുവതിയിൽ നിന്ന് 10.6 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. വണ്ടൂർ സ്വദേശികളായ പൂലാടൻ അസ്‌ഫൽ (25), തച്ചുപറമ്പൻ മിബിൻഷാൻ (25) എന്നിവരാണ് പിടിയിലായത്. വാട്‌സ്ആപ്പ് ചാനലുകളുടെ ലിങ്കുകൾ ഫോണിലേക്ക് അയച്ചു കൊടുത്തു പലതവണകളിലായി വൻ തുക വാങ്ങിയായിരുന്നു തട്ടിപ്പ്. ലാഭ വിഹിതവും അടച്ച തുകയും തിരികെ ലഭിക്കാതായതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. യുവതി നിക്ഷേപിച്ച തുക പിൻവലിച്ച ബാങ്കുകൾ കണ്ടെത്തി അക്കൗണ്ട് ഉടമകളായ യുവാക്കളെ പിടികൂടുകയായിരുന്നു. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ, എസ്.ഐ ബദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.