a

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായി തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന വയനാട് സ്വദേശി വിജിത് വിജയൻ എറണാകുളം ലാ കോളേജിൽ എൽ.എൽ.ബി പ്രവേശനം നേടി. വെള്ളിയാഴ്ച രാവിലെ സായുധ പൊലീസ് സംഘത്തിന്റെ സുരക്ഷയിൽ കോളേജിലെത്തിയ വിജിത് നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങി. പ്രവേശന നടപടികൾക്കായി വിജിത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അലനും താഹയുമടക്കം നാലുപേർ പ്രതികളായ പന്തീരാങ്കാവ് കേസിൽ 2021 ജനുവരിയിലാണ് വിജിത് അറസ്റ്റിലായത്. മാവോയിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നത് വിജിത്താണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കാലിക്കറ്റ് സർവകലാശാല എൻജിനിയറിംഗ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ജയിച്ച് ഉപരിപഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് അറസ്റ്റ്. ജയിലിൽ കഴിയവേ വിദൂര വിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററി വിജയിച്ചിരുന്നു. യു.ജി.സി നെറ്റ് പരീക്ഷയും ജയിലിലിരുന്ന് എഴുതി. സമാനമായി എൽ.എൽ.ബി പ്രവേശന പരീക്ഷയെഴുതി 35ാം റാങ്കാണ് വിജിത്ത് നേടിയത്. പ്രവേശന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ജയിലിൽ ഇരുന്ന് ഓൺലൈനായി പഠിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് വിജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു.