
കൊച്ചി: ഉൾനാടൻ കനാലുകളിലൂടെ അധികമാരും കാണാത്ത മനോഹര പ്രദേശങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രയൊരുക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പദ്ധതി. ഇതിനായി അഞ്ചു ബോട്ടുകൾ നിർമ്മിക്കാൻ സർക്കാരിനോട് അനുമതി തേടി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
വേഗ, ഇന്ദ്ര, സീ അഷ്ടമുടി, ആദിത്യ, വാട്ടർ ടാക്സി എന്നീ ബോട്ട് സർവീസുകൾ ഉണ്ടെങ്കിലും ഇവ ചെറിയ കനാലുകളിൽ ഓടിക്കാനാവില്ല. 20 സീറ്റിന്റെ സോളാർ എ.സി ബോട്ടുകൾക്ക് ഈ പരിമിതിയില്ല. വാട്ടർ മെട്രോയുടെ പോലെ ഇരുവശത്തും ചില്ലുകളായതിനാൽ പ്രകൃതി ഭംഗി ആസ്വദിക്കാനുമാകും.
സർക്കാരിന്റെ വർക്ക് കമ്മിറ്റി തീരുമാനമെടുത്താൽ ടെണ്ടർ നടപടികളിലേക്ക് കടക്കും. കുട്ടനാട്ടിലെ വേണാട്ടുകാട്, എറണാകുളത്തെ കടമക്കുടി, പിഴല, ഞാറക്കൽ മേഖലകളിലാണ് നിലവിൽ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ബാക്കി റൂട്ടുകൾ പിന്നീട് നിശ്ചയിക്കും.
സഞ്ചാരികൾക്കായി നാടൻ കലാവതരണം
സഞ്ചാരികൾക്കായി വിവിധ പരിപാടികളും ഒരുക്കിയുളള യാത്രയാണ് പദ്ധതിയിലുള്ളത്. ഇവയുടെ നടത്തിപ്പ് കുടുംബശ്രീയ്ക്കായിരിക്കും. കുടുംബശ്രീ പ്രവർത്തകർ നാടൻ വേഷം ധരിച്ചാവും സഞ്ചാരികളെ സ്വീകരിക്കുക. നാടൻ വേഷങ്ങൾ സഞ്ചാരികൾക്കും ധരിക്കാൻ സൗകര്യമുണ്ടാകും. ദ്വീപുകൾ കേന്ദ്രീകരിച്ചാവും സംവിധാനങ്ങൾ.
ചായക്കട, നാടൻ ഭക്ഷണം
നാടൻ കലാരൂപങ്ങളുടെ അവതരണം
 കയറുപിരി പോലുള്ള നാടൻ വേലകളുടെ പ്രദർശനം
പാചകത്തിനും ചൂണ്ട ഇടൽ പോലുള്ള വിനോദത്തിനും അവസരം
ആകെ ബോട്ട്- 5
ഒന്നിന്റെ വില- 2 കോടി
ബഡ്ജറ്റ് ടൂറിസത്തിന് മുൻഗണന നൽകിയാണ് പുതിയ പദ്ധതി. കേരളത്തിന്റെ തനത് ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് സാധിക്കുംഷാജി വി. നായർ
ഡയറക്ടർ
ജലഗതാഗത വകുപ്പ്