suresh
പി.എസ്. ബാബു സുരേഷ്

കൊച്ചി: പള്ളുരുത്തി​ അഴകി​യകാവ് ഭഗവതി ക്ഷേത്രഭൂമി​ കൈയ്യേറ്റത്തെ ചോദ്യം ചെയ്ത വയോധി​കനെ പോക്സോ കേസി​ൽ ഉൾപ്പെടെ കുടുക്കാൻ ശ്രമി​ച്ചതി​ന് റെസി​ഡന്റ്സ് അസോസി​യേഷൻ ഭാരവാഹി​കളായ മൂന്ന് പേർക്കെതി​രെ കൊച്ചി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു. പള്ളുരുത്തിനട ആശീർവാദ് ഹൗസിൽ പി.എസ്. ബാബു സുരേഷിന്റെ രണ്ട് ഹർജികളിലാണ് ഉത്തരവ്. പ്രതികളിലൊരാൾ സ്ത്രീയാണ്.

കാൻസർ വി​മുക്തൻ കൂടി​യായ സുരേഷ് പടക്കാറ എന്ന ബാബു സുരേഷ് (70) ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി നടത്തുന്ന കേസുകളാണ് പ്രശ്നങ്ങൾക്ക് ആധാരം. ക്ഷേത്രഭൂമിയിലൂടെ പള്ളുരുത്തിയിലെ പഴയ ഹൈവേയിലേക്ക് വഴിതുറക്കാൻ ലക്ഷ്യമിട്ട് പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ചിലർ റസിഡന്റ്സ് അസോസിയേഷന്റെ പേരിൽ കൂട്ടമായും അല്ലാതെയും സുരേഷിനെതിരെ നിരന്തരം പരാതികളും കേസുകളും നൽകിയിരുന്നു. ഇതിനിടെയാണ് 42കാരി സുരേഷിനെതിരെ വ്യാജപോക്സോ പരാതി നൽകിയത്. ഇവർ ഒമ്പതുവയസുള്ള മകളുമായി പോകവേ വീടിന്റെ കാർപോർച്ചിലിരുന്ന് സുരേഷ് നഗ്നത പ്രദർശിപ്പിച്ചെന്നായിരുന്നു പരാതി.

വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും ക്ഷേത്രഭൂമി തർക്കങ്ങളും വി​ലയി​രുത്തി​ പള്ളുരുത്തി പൊലീസും വനിതാകമ്മിഷനും ബാലാവകാശ കമ്മി​ഷനും കേസെടുത്തില്ല. ക്ഷേത്രഭൂമി സംബന്ധിച്ച ശത്രുതയാണ് പരാതികൾക്ക് പിന്നിലെന്ന് കമ്മിഷനുകൾക്ക് പൊലീസ് റിപ്പോർട്ടും നൽകി. പോക്സോ പരാതിയുടെ പേരിൽ ഉൾപ്പെടെ എതിർകക്ഷികൾ വ്യാപകമായ പ്രചാരണം നടത്തിയെന്നും മാദ്ധ്യമങ്ങളിൽ വാർത്ത വരുത്തിയെന്നും ഹർജിയിൽ പറയുന്നു. പോക്സോ പരാതി ആദ്യം വിശ്വസിച്ചെങ്കിലും പിന്നീട് അതിൽ യാഥാർത്ഥ്യമില്ലെന്ന് മനസിലായതായി സാക്ഷികളും കോടതിയിൽ മൊഴിനൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 42കാരിക്കെതിരെ അപകീർത്തിക്കുറ്റത്തിന് കേസെടുക്കാൻ മജി​സ്ട്രേറ്റ് അനീഷ എസ്. പണി​ക്കർ ഉത്തരവായത്.

പി.എസ്.സുരേഷ് ക്രിമിനലും നിയമവിരുദ്ധപ്രവൃത്തികൾ ചെയ്യുന്നയാളും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോയും മറ്റുമെടുത്ത് അവഹേളിക്കുന്നയാളുമാണെന്നും മറ്റും ആരോപിച്ച് റസിഡന്റ്സ് അസോസിയേഷന്റെ പേരിലും അല്ലാതെയും മുഖ്യമന്ത്രിക്കും പൊലീസിനും മറ്റും വ്യാജപരാതി നൽകിയതിനാണ് കെ.സുബ്രഹ്മണ്യൻ (60), രമേശ് കുമാർ (52) എന്നി​വർക്കെതി​രെ കേസെടുത്തത്. രണ്ടു കേസുകളും അടുത്ത വർഷം മേയ് 25ന് വീണ്ടും പരി​ഗണി​ക്കും.

അനുഭവിച്ച മനോവേദനയും അപമാനവും നിസാരമല്ല. മകളുടെ വിവാഹം മുടങ്ങി​. ആകെ ചെയ്ത കുറ്റം 40 വർഷത്തെ പ്രവാസം കഴി​ഞ്ഞ് ഇഷ്ടദേവതയ്ക്ക് സമീപം ശി​ഷ്ടജീവി​തം കഴി​ക്കാൻ താമസമാക്കി​യെന്നതും ദേവസ്വം ഭൂമി​ കൈയ്യേറ്റം ചെറുത്തതുമാണ്. ഒരു വി​ട്ടുവീഴ്ചയ്ക്കുമി​ല്ല. നി​യമയുദ്ധം ഏതറ്റംവരെയും പോകും. രാഷ്ട്രീയക്കാരും സാമൂഹ്യദ്രോഹി​കളും ഒന്നി​ച്ചാണ് അഴകി​യകാവി​ലമ്മയുടെ ഭൂമി​ തട്ടി​യെടുക്കുന്നത്.

സുരേഷ് പടക്കാറ