p

കൊച്ചി: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) സിംഗപ്പൂരിലും ഗൾഫ് രാജ്യങ്ങളിലും നിന്ന് രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് രൂപ ബാങ്കുകളും ഹവാലയും വഴി ഇന്ത്യയിലെത്തിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്ഥിരീകരിച്ചു. വിദേശത്തെ 13,000 പി.എഫ്.ഐ അംഗങ്ങൾ വഴിയാണ് ഫണ്ട് ശേഖരിച്ചത്. രാജ്യത്തെ 29 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയത്. ഏതു കാലയളവിൽ എത്ര തുക എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തത വരുത്തിയിട്ടില്ല.

പോപ്പുലർ ഫ്രണ്ടിന്റെ 56.56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതംമാറ്റത്തിനായി ഉപയോഗിച്ചിരുന്ന മലപ്പുറത്തെ സത്യസരണിയും കോഴിക്കോട്ടെ പി.എഫ്.ഐ ആസ്ഥാന മന്ദിരവും കണ്ടുകെട്ടിയിട്ടുണ്ട്.

കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, സിംഗപ്പൂർ രാജ്യങ്ങളിൽ പി.എഫ്.ഐക്ക് പ്രവർത്തകരുണ്ട്. ഇന്ത്യൻ മുസ്ളീങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ച് ഫണ്ട് ശേഖരിച്ചിരുന്നു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, ജമ്മുകശ്‌മീർ, മണിപ്പൂർ സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയത്.

സമാധാനത്തിന്റെ മുഖംമൂടി

സാമൂഹിക പ്രസ്ഥാനമെന്ന മുഖംമൂടിയണിഞ്ഞ് ജിഹാദിലൂടെ ഇസ്ളാമിക രാജ്യമായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യമിട്ടത്. സമാധാനമാണ് മാർഗമെന്ന് പറയുന്നുണ്ടെങ്കിലും ആക്രമണമാണ് മുഖമുദ്ര. സമൂഹത്തിൽ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കാൻ ഗറില്ല മാതൃകയിൽ ആക്രമണങ്ങളും സമാന്തര ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചു. ഉദ്യോഗസ്ഥരെ വേട്ടയാടുക, ദുഷ്‌പ്രചാരണങ്ങൾ നടത്തുക, പ്രതീകാത്മക ശവസംസ്‌കാരച്ചടങ്ങുകൾ നടത്തുക തുടങ്ങിയവ സ്വീകരിച്ചു. നിയമലംഘനം, സമാന്തരസർക്കാർ, രഹസ്യ ഏജന്റുമാരെ നിയോഗിക്കൽ തുടങ്ങിയവ നടത്തി. സ്ഥലങ്ങളും സ്വത്തുക്കളും ഭീഷണിപ്പെടുത്തി പിടിച്ചെടുത്തിരുന്നു.

മറ്റ് ഇടപെടലുകൾ

2020ലെ ഡൽഹി കലാപത്തിനിടെ കുഴപ്പങ്ങളുണ്ടാക്കാൻ പണം ചെലവഴിച്ചു. കലാപം സൃഷ്‌ടിക്കാനും സാമുദായികഐക്യം തകർക്കാനും ലക്ഷ്യമിട്ട് നേതാക്കൾ ഹസ്രത്ത് സന്ദർശിച്ചു. പ്രധാന നഗരങ്ങളിൽ ആക്രമണത്തിനും പ്രമുഖരെ വധിക്കാനും ആസൂത്രണം ചെയ്‌ത് ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും ശേഖരിച്ചു. 2022 ജൂലായ് 12ന് പാട്‌ന സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പരിശീലനക്യാമ്പ് സംഘടിപ്പിച്ചു.