തൃപ്പൂണിത്തുറ: നഗരസഭ 34-ാം വാർഡ് തെക്കുംഭാഗം പനക്കൽ ക്ഷേത്രത്തിന് സമീപം 70 ലക്ഷം രൂപമുടക്കിൽ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി 10 വർഷം മുമ്പ് കെ. ബാബു എം.എൽ.എ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് തറക്കല്ലിട്ടു. എന്നാൽ പാതിവഴിയിൽ നിർമ്മാണം നിലച്ച കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷം ഇനിയുമകലെ. നഗരസഭയും മഹാത്മാഗാന്ധി ട്രസ്റ്റുമായുള്ള ഫെബ്രുവരി 2015 ലെ ഉടമ്പടിപ്രകാരം ട്രസ്റ്റിന്റെ 25 സെന്റ് സ്ഥലത്ത് നഗരസഭാ ചെയർമാൻ ആർ. വേണുഗോപാലിന്റെ കാലത്താണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ തുടർന്നുവന്ന എൽ.ഡി.എഫിന്റെ ഭരണസമിതിയുടെ കാലത്ത് നിർമ്മാണപ്രവർത്തനങ്ങൾ പൂർണമായി നിലച്ചുപോവുകയായിരുന്നു.
നാലായിരം ചതുരശ്ര അടിയിൽ ഫൗണ്ടേഷൻ ഒരുക്കി അതിൽ കെട്ടിടപ്പൊക്കത്തോളം ഉയർന്നുനിൽക്കുന്ന 48 പില്ലറുകളും തുരുമ്പിച്ച ഇരുമ്പുകമ്പികളും പട്ടികജാതിക്കാരോടുള്ള ഭരണകൂടത്തിന്റെ അവഗണനയുടെ സ്മാരകമായി നിൽക്കുകയാണ്. പ്രദേശമാകെ ഇന്ന് കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
എ.ജിയുടെ ഒരു നിരീക്ഷണമായി ബന്ധപ്പെട്ട് നിർമ്മാണം നിറുത്തിവയ്ക്കാൻ നഗരസഭ തീരുമാനമെടുത്തു. ട്രസ്റ്റ് അധികാരികൾ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നൽകിയതോടെ എ.ജി പരാമർശം പിൻവലിച്ചു. എന്നാൽ ട്രസ്റ്റിന്റെ ഭൂമി കൈമാറണമെന്നായി
നഗരസഭ. ഉടമ്പടിയിൽ നിന്ന് വ്യതിചലിച്ചുള്ള ആവശ്യമായതിനാൽ ട്രസ്റ്റ് അത് നിരസിച്ചു. അതോടെ പദ്ധതി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കപ്പെട്ടു.
പട്ടികജാതി/വർഗക്കാരുടെ പുരോഗതിക്കായി 1987 മുതൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ എം.ജി ട്രസ്റ്റ് തൃപ്പൂണിത്തുറ നഗരസഭയുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. നഗരസഭാ ആവശ്യങ്ങൾക്ക് സൗജന്യമായും പട്ടികജാതിക്കാർക്ക് കുറഞ്ഞ വാടകയ്ക്കും മറ്റുള്ളവർക്ക് നിശ്ചയിക്കപ്പെട്ട വാടകയ്ക്കും ഹാൾ ലഭ്യമാക്കണമെന്നായിരുന്നു വ്യവസ്ഥ.
സംരംഭകത്വ പരിശീലനത്തിനും സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കുമായി വിഭാവനം ചെയ്തിരുന്ന ഹാളിന്റെ നിർമ്മാണം നിലച്ചത് ഏറെ ദുഃഖകരമാണ്. എ.ജി പരാമർശം പിൻവലിച്ചത് ചൂണ്ടിക്കാട്ടി ട്രസ്റ്റ് നിരവധി തവണ നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.
എം.കെ. മുകുന്ദൻ, ചെയർമാൻ, മഹാത്മാഗാന്ധി ട്രസ്റ്റ്
പഴി എ.ജിക്ക്
* പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ കമ്പോണന്റ് പ്ലാൻ (എസ്.സി.പി) ഫണ്ടിൽനിന്ന് അനുവദിച്ച 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പാതിവഴിയേ നിലച്ചത്.
* അക്കൗണ്ട്സ് ജനറലിന്റെ ഇൻസ്പെക്ഷനിൽ രേഖപ്പെടുത്തിയ ഒരു നിരീക്ഷണമാണ് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർണമായും നിറുത്തിവയ്ക്കാൻ കാരണമായി പറയുന്നത്. ഇതിനെ മറികടക്കാനുള്ള വഴികൾ ഉണ്ടായിരുന്നെങ്കിലും പദ്ധതി തുടർന്നു നടത്താൻ നഗരസഭയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് ആക്ഷേപം.
* മഹാത്മാഗാന്ധി ട്രസ്റ്റ് എ.ജി ഓഫീസിനെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ പരാമർശം പിൻവലിക്കുകയും ചെയ്തു.