murukesan

കൊച്ചി: വൈപ്പിൻ മാലിപ്പുറം സ്വദേശി ടി.പി. മുരുകേശൻ കൂലിപ്പണി ചെയ്യുന്നത് കുടുംബം പുലർത്താൻ മാത്രമല്ല, പ്രകൃതിയെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ വളർത്താൻ കൂടിയാണ്.

2013 മുതൽ ഈ 58കാരൻ നട്ടുവളർത്തിയ തൈകൾ കൊച്ചിക്കു പുറമേ, ചെന്നൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, കണ്ണൂർ തീരമേഖലകളിലും തഴച്ചുവളരുന്നു. പ്രതിവർഷം പതി​നായി​രത്തി​ലേറെ തൈകൾ വിതരണം ചെയ്യുന്നു.


വനംവകുപ്പ് ഉദ്യോഗസ്ഥൻ ഹുസൈനാണ് പ്രോത്സാഹിപ്പിച്ചത്. വകുപ്പിനായി ചെടികൾ നൽകാനും വിവിധ മേഖലകളിലെ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തു. സ്വന്തമായുള്ള 10 സെന്റിൽ ചെന്നൈയിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ 2018ൽ നഴ്‌സറി സജ്ജമാക്കിക്കൊടുത്തു. 25,000 ചെടികൾ വളർത്താം. വ്യക്തികൾക്കും സ്‌കൂളുകൾക്കും സൗജന്യമായി നൽകും. ചെടിയൊന്നിന് 25 രൂപ വനംവകുപ്പ് നൽകുമെങ്കിലും ചെലവ് അതിലേറെയുണ്ട്. കണ്ടൽ സംരക്ഷണത്തെക്കുറി​ച്ച് പുതുതലമുറയെ ബോധവത്കരി​ക്കാനും മുരുകേശൻ മുന്നി​ലുണ്ട്. ഭാര്യ ഗീത, മക്കളായ നിമിത, അഡ്വ. നിനിത എന്നിവരും സഹായത്തിനുണ്ട്.

നട്ടുവളർത്താൻ

മുളംകുറ്റി

മുളവുകാട്, വല്ലാർപാടം, വളന്തകാട്, മരട് എന്നിവിടങ്ങളിൽനിന്ന് വിത്ത് ശേഖരിച്ച് 9 ഇഞ്ച് നീളമുള്ള മുളംകുറ്റികളിൽ ചെളിനിറച്ച് പാകുന്നു. രണ്ടര മാസംകൊണ്ട് മൂന്നടിയോളം വളരുന്ന തൈകൾ തീരത്ത് വെള്ളത്തിൽ മുങ്ങിപ്പോകാത്തവിധം നടുന്നു. കേരളത്തിൽ 20ലേറെ ഇനം കണ്ടൽ ഉണ്ടെങ്കിലും നീളൻ വേരുകളുള്ള ഭ്രാന്തൻ കണ്ടൽ, 10 മീറ്റർ വരെ പൊക്കമുള്ള പേനക്കണ്ടൽ (എഴുത്താണിക്കണ്ടൽ), ധാരാളം വേരുകളുള്ള ഉപ്പട്ടി, നക്ഷത്രക്കണ്ടൽ തുടങ്ങിയവയാണ് മുരുകേശന്റെ ശേഖരത്തിലുള്ളത്.

കണ്ടൽക്കാടുകൾ

എന്തിന്

 തീരം ഇടിയാതെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ മീനുകളുടെയും ഞണ്ടുകളുടെയും സുരക്ഷിതകേന്ദ്രമാണ്. കണ്ടൽവേരുകൾക്കിടയിൽ വളരുന്ന മീൻകുഞ്ഞുങ്ങളെ വലിയ മത്സ്യങ്ങൾ വേട്ടയാടില്ല.

 ഇവിടെ താവളമാക്കുന്ന പക്ഷികളുടെ കാഷ്ഠവും കണ്ടൽച്ചെടികളുടെ കായും മീനുകളുടെ ഇഷ്ടഭക്ഷണമാണ്. കരിമീൻ, കണമ്പ്, തിരുത, തിലാപ്പിയ തുടങ്ങിയവയെ ധാരാളമായി കാണാം.
 കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കണ്ടൽച്ചെടിയുടെ ഇലയ്ക്കു കഴിവുണ്ട്. വേനലിലും കണ്ടൽ മേഖലകളിൽ കുളിർമയുണ്ടാകും. ശുദ്ധവായുവും കുളിർമയും തേടി പക്ഷികളും ചെറുജീവികളും എത്തും.

കാലാവസ്ഥാവ്യതിയാനം മൂലമുള്ള ഭീഷണി നേരിടാൻ കണ്ടൽക്കാടുകൾ വ്യാപകമാക്കണം. തീരദേശമേഖലകൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടുവളർന്നതിനാൽ കണ്ടൽസംരക്ഷണം ജീവിത നിയോഗമായി കരുതുന്നു.

ടി.പി. മുരുകേശൻ