
കാക്കനാട്: രാസവളം ചേർക്കാത്ത അസൽ പച്ചക്കറികൾ തോട്ടത്തിൽ നിന്ന് നേരെ അടുക്കളയിലേക്ക്. ഞായറാഴ്ചകളിൽ കാക്കനാട് എം.എ.എ.എം ഗവ. എൽ.പി സ്കൂൾ (പഞ്ചായത്ത് സ്കൂൾ) നാടൻ പച്ചക്കറി ചന്തയാകും. അവിടെ കർഷകർ നേരിട്ട് വില്പനക്കാരും. കൃഷിയെ സ്നേഹിക്കുന്നവരുടെയും ജൈവ കർഷകരായ ഒരു കൂട്ടം യുവതീ യുവാക്കളുടെയും നേതൃത്വത്തിൽ ഇടനിലക്കാരെ ഒഴിവാക്കി, സമൂഹത്തിന് സുരക്ഷിത ഭക്ഷണമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നാട്ടുനന്മ ജൈവകർഷക കൂട്ടായ്മയാണ് നാട്ടുചന്തയ്ക്ക് പിന്നിൽ. കർഷകനായ സെബാസ്റ്റ്യൻ കോട്ടൂർ (പ്രസിഡന്റ്), ഐടി ഉദ്യോഗസ്ഥനായ ഹരിറാം (സെക്രട്ടറി), ഇന്റീരിയർ കോൺട്രാക്ടറായ നൗഫൽ മുബാറക്ക് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
ജൈവത്തിന് മാത്രം പ്രവേശനം
പയർ, പാവൽ, പടവലം, വെണ്ട, വാഴപ്പിണ്ടി, വാഴച്ചുണ്ട്, കൂൺ, തക്കാളി, ചീര, പാഷൻ ഫ്രൂട്ട്, റമ്പൂട്ടാൻ, അവക്കാഡോ, വാഴപ്പഴം, കപ്പ, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, ചെറുപയർ, കറിക്കടല, ചമ്മന്തിപ്പൊടി, നാടൻ പലഹാരങ്ങൾ, പാൽ, മുട്ട, വെളിച്ചെണ്ണ, മുളക്- മല്ലി- കൂവ പൊടികൾ, തൈര്, നെയ്യ്, അങ്ങനെ മായം ചേരാത്തതെന്തും ഇവിടെ വിൽക്കാം, വാങ്ങാം.
നടപടി ക്രമങ്ങൾ
കർഷകൻ ചന്ത സന്ദർശിച്ചതിന് പിന്നാലെ കർഷക കൂട്ടായ്മാ ഭാരവാഹികൾ കൃഷിയിടം സന്ദർശിക്കും.
പൂർണ്ണമായും ജൈവമെന്ന് ബോദ്ധ്യപ്പെട്ടാൽ നാട്ടുചന്തയിൽ വിൽക്കാം.
5000 രൂപ ഡെസ്ക് ഫണ്ട് നൽകണം
മൊത്തം വിറ്റു വരവിന്റെ 5% കർഷകർ ചന്തയുടെ നടത്തിപ്പ് ചെലവിലേക്ക് നൽകണം
കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് വിദ്യാർത്ഥികൾക്ക് ബെഞ്ചും ഡെസ്കും പോലെ സ്കൂളിന്റെ വികസനത്തിനായി സംഭാവന ചെയ്യുന്നുണ്ട്. വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്
ഹരിറാം
സെക്രട്ടറി
2017ൽ ആരംഭിച്ചു
നിലവിൽ 37 കർഷകരും അഞ്ഞൂറോളം ഉപഭോക്താക്കളും
ഞായറാഴ്ച രാവിലെ 8 മുതൽ 11 വരെ പ്രവർത്തനം