പെരുമ്പാവൂർ: ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ സ്കിൽ ഡെവലപ്മെന്റ് സെന്റർ ആയി ഉയർത്തുന്നതിനുള്ള അംഗീകാരം ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. തൊഴിൽവൈദഗ്ദ്ധ്യം കുട്ടികൾക്ക് പഠനകാലത്ത് തന്നെ ലഭ്യമാകുന്ന വിധത്തിലാണ് സെന്റർ ഒരുക്കുക. പത്താം ക്ലാസ് മുതൽ ഡിഗ്രി തലത്തിൽ വരെ പഠിക്കുന്നതോ, തുടർ പഠനം നടത്താൻ സാധിക്കാത്തവരോ, പഠനത്തിൽ പിന്നാക്കം പോയവരോ ആയ കുട്ടികൾക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് പദ്ധതി. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായി 400 മണിക്കൂർ പഠനമാണ് ഉറപ്പുവരുത്തുന്നത്. ഓട്ടോമൊബൈൽ, ഹോട്ടൽ മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ ഒരു വർഷത്തെ കോഴ്സിനാണ് അപേക്ഷ ക്ഷണിക്കുന്നത്. 25 കുട്ടികൾക്കാണ് ഒരു ബാച്ചിൽ പരിശീലനം. കോഷൻ ഡിപ്പോസിറ്റ് ഉണ്ടാകും. നവംബറിൽ പുതിയ കോഴ്സ് ആരംഭിക്കുവാനാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആലോചനായോഗം ചേരുമെന്ന് എം.എൽ.എ അറിയിച്ചു.