കാലടി: പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങി നീലീശ്വരം ഗവ. എൽ.പി സ്കൂൾ. 1950 ലാണ് സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. മികവിന്റെ പടികൾ കീഴടക്കിയ ഈ വിദ്യാലയത്തിൽ ഇതുവരെ 70ലധികം അദ്ധ്യാപകരുടെ കീഴിൽ പതിനായിരത്തോളം വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്.
പ്രീ-പ്രൈമറി മുതൽ നാലു വരെ ക്ലാസുകളാണ് നടക്കുന്നത് . പ്രധാനാദ്ധ്യാപിക മുതൽ എട്ട് പേരാണ് അദ്ധ്യാപകരായുണ്ട്. കൂടാതെ കെ.ജിയിൽ രണ്ട് അദ്ധ്യാപികരും ആയമാരും നോൺ ടീച്ചിംഗ് വിഭാഗവും ഉണ്ട്. നിലവിൽ 200ന് മുകളിൽ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യേതര പ്രവർത്തനത്തിൽ അദ്ധ്യാപകർക്കൊപ്പം അണി നിരക്കുന്നു ഏഴംഗ പി.ടി.എ കമ്മിറ്റിയും സ്കൂളിന്റെ കരുത്താണ്.
കളിസ്ഥലം ഇല്ലെന്നതാണ് വലിയ പരാതി. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കളിസ്ഥലത്തിന്റെ കാര്യത്തിൽ തുടർനടപടി സ്വകരിക്കുമെന്നാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷ.
ഹെഡ്മിസ്ട്രസ് കെ.വി.ലില്ലി, പി.ടി.എ പ്രസിഡന്റ് കരിഷ്മ വിമൽ, എം.പി.ടി.എ പ്രസിഡന്റ് രബി കൃഷ്ണഎന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
27ന് നടക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷത്തിൽ മന്ത്രി പി. രാജീവ്, റോജി എം. ജോൺ എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.എൽ. പ്രദീപ് പറഞ്ഞു.
പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടമാണ് സ്കൂൾ കൈവരിച്ചിട്ടുള്ളത്.
ബെസ്റ്റ് സ്കൂൾ അവാർഡ്, ബെസ്റ്റ് പി.ടി.എ അവാർഡ് , ശുചിത്വം അവാർഡ്, പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായി അഞ്ചു തവണ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.