മട്ടാഞ്ചേരി: സീറോ ബാബു മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സീറോ ബാബു അനുസ്മരണം കപ്പലണ്ടിമുക്ക് ഷാബി മഹലിൽ നടത്തും. സംഗീതരാവും ഒരുക്കിയിട്ടുണ്ട്.
അഭിനയവും സംഗീതവും താലോലിച്ച് ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തിയ കലാകാരനായിരുന്ന സീറോ ബാബു എന്ന കെ.ജെ മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാലുവർഷം. ഓപ്പൺസീറോ വന്നുകഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർകാർ എന്ന പ്രശസ്തമായ പാട്ടാണ് മുഹമ്മദ് ബാബുവിനെ സീറോ ബാബു ആക്കി മാറ്റിയത്. പി .ജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ അഭിനയിച്ചുപാടിയ മുഹമ്മദ് ബാബു പിന്നീട് ജീവിതാവസാനംവരെ സീറോ ബാബുവായിരുന്നു.
സ്ത്രീ ശബ്ദവുമായാണ് ബാബു സംഗീതലോകത്തേക്ക് വരുന്നത്. ആവാര എന്ന പഴയ ഹിന്ദി ചിത്രത്തിൽ ലതാജി പാടിയ ആജാവോ തഡപ്തേ ഹേ അർമാൻ എന്ന പ്രശസ്തഗാനം അനവധി സ്റ്റേജുകളിൽ പാടി ബാബു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്ത്രീ ശബ്ദത്തിനു മാറ്റംവന്നപ്പോൾ കേരള സോഷ്യലിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ പാടിയതും സീറോ ബാബു തന്നെ. കുടുംബിനി, സുബൈദ, അവൾ, ഇത്തിക്കരപ്പക്കി, വിസ, പോർട്ടർ കൃഞ്ഞാലി, ഖദീജ, ചൂണ്ടക്കാരി, ഭൂമിയിലെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. കുറുക്കന്റെ കല്യാണം മറക്കില്ലൊരിക്കലും എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചത് ബാബുവായിരുന്നു. മാടത്തരുവി കൊലക്കേസ്, തോമാശ്ലീഹ, കാബൂളിവാല, അഞ്ചുസുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
കേരള സംഗീത നാടക അക്കാഡമി അവാർഡ് ഒഴിച്ചാൽ അർഹമായ അംഗീകാരമൊന്നും ലഭിച്ചില്ല. ഭാര്യയും നാലു മക്കളുമുണ്ട്. മൂത്തയാൾ സബിത ഫോർട്ടുകൊച്ചിയിലാണ്. സൂരജ്, സുൽഫി, ദീപ എന്നിവർ ചെന്നൈയിലാണ്. മൂവരും സംഗീതലോകത്ത് ശ്രദ്ധേയരാണ്.