ആലുവ: ആലുവ നഗരസഭാ ജീവനക്കാരനെ ജോലിക്കിടെ പെരുമ്പാവൂർ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന റിപ്പോർട്ട് തേടി. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്തിനോട് ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വെള്ളിയാഴ്ച്ച വൈകിട്ട് 5.45നാണ് പരാതിക്ക് ആസ്പദമായ സംഭവം. മേലുദ്യോഗസ്ഥരെ പോലും അറിയിക്കാതെ നഗരസഭയിലെ രാത്രി കാവൽക്കാരൻ ടി.എ. സുധീറിനെ പെരുമ്പാവൂർ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്യൂട്ടിക്കിടെ മേലുദ്യോഗസ്ഥരെ അറിയിക്കാതെ നഗരസഭാ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആലുവ നഗരസഭ അടിയന്തര കൗൺസിൽ യോഗം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.