
നെടുമ്പാശേരി: സംസ്ഥാനത്ത് വീണ്ടും വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾക്കും തിരുവനന്തപുരത്ത് ഒരു വിമാനത്തിനുമാണ് ഇന്നലെ ബോംബ് ഭീഷണി ഉണ്ടായത്. കൊച്ചിയിൽ എയർ ഇന്ത്യയുടെ ദമാം, ആകാശ എയറിന്റെ മുംബയ് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.
വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിനും എയർലൈനുകൾക്കും എക്സിൽ സന്ദേശം എത്തുന്നതിനു മുമ്പേ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കുമായാണ് രണ്ട് വിമാനങ്ങളും ടേക്ക് ഓഫ് ചെയ്തത്. വിമാനങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് എക്സിലൂടെ സന്ദേശമെത്തിയത്. മസ്കറ്റിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ ബോംബുമായി രണ്ടുപേർ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. എന്നാൽ, വിമാനം തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെട്ട് 11.30ന് മസ്കറ്രിൽ എത്തിയിരുന്നു. തിരുവനന്തപുരത്ത് ഒരുമാസത്തിനിടെ നാലാം തവണയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.
നോ ഫ്ളൈ ലിസ്റ്റിലാക്കും
ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 70ലേറെ വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭൂരിഭാഗവും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാൻ ഡാർക്ക് ബ്രൗസറുകളടക്കം ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയയ്ക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ നോ ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലിനെയും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ വിഭാഗത്തെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.